കുട്ടികൾ രക്ഷിതാക്കളുടെ കളിപ്പാട്ടങ്ങളല്ല: സംരക്ഷണാവകാശ തർക്കത്തിൽ കുട്ടിയുടെ ക്ഷേമത്തിനാണ് മുൻഗണനയെന്ന് സുപ്രീം കോടതി

കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മാതാപിതാക്കളുടെ നിയമപരമായ അവകാശങ്ങളെക്കാൾ കുട്ടിയുടെ ക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് സുപ്രീം കോടതി. കുട്ടികൾ വെറും വസ്തുക്കളോ രക്ഷിതാക്കളുടെ കളിപ്പാട്ടങ്ങളോ അല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിധി. സംരക്ഷണാവകാശം നൽകാൻ പിതാവ് യോഗ്യനാണെങ്കിലും എല്ലാത്തിലുമുപരി കുട്ടികളുടെ ക്ഷേമമാണ് പ്രധാനമെന്ന് ബെഞ്ച് വ്യക്തമാക്കി. ജനിച്ചത് മുതൽ അമ്മയോടൊപ്പം കഴിയുന്ന കുട്ടികളെ തുടർന്നും മാതാവിനൊപ്പം തുടരാൻ അനുവദിക്കുന്നതാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.

2014-ലാണ് ദമ്പതികൾ വിവാഹമോചനം നേടിയത്. തുടർന്ന് 2018-ൽ മധുര കുടുംബകോടതി ഭാര്യയുടെ ജീവനാംശ ആവശ്യം അനുവദിച്ചു. എന്നാൽ, ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ട് പ്രകാരം കുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകുകയായിരുന്നു. പിതാവിൻ്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അമ്മയുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതിയും ഈ ഉത്തരവ് ശരിവച്ചു.

വിധിക്കെതിരെ അമ്മ സുപ്രീം കോടതിയെ സമീപിക്കുകയും 2025-ൽ കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. തുടർന്ന് സുപ്രീം കോടതി മാതാപിതാക്കളെ നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ആൺകുട്ടികൾ വ്യക്തമാക്കിയതോടെ, കുട്ടികളുടെ താൽപര്യം പരിഗണിച്ച് അവരെ അമ്മയ്ക്കൊപ്പം വിടാൻ കോടതി ഉത്തരവിടുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*