അമേരിക്കയിലെ തൊഴിലില്ലായ്മയ്ക്ക് കാരണം വിദേശ തൊഴിലാളികളും എച്ച് 1ബി വിസയും: വാൻസ്

അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചയ്ക്കും തൊഴിലില്ലായ്മയ്ക്കും കാരണം വിദേശ തൊഴിലാളികളും തുറന്നിട്ട അതിർത്തികളുമാണെന്ന് വാദിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. വിദേശത്തുനിന്നുള്ള തൊഴിലാളികളെ കൊണ്ടുവരുന്നതും കുടിയേറ്റത്തിന് വഴിതുറക്കുന്നതും അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ കവർന്നെടുക്കുകയാണെന്ന് വാൻസ് കുറ്റപ്പെടുത്തി. സ്വന്തം ജന്മനാടായ ഒഹായോയിലെ മിഡിൽടൗണിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ അമേരിക്കൻ കമ്പനികൾ ഉൽപ്പാദന യൂണിറ്റുകൾ വിദേശത്തേക്ക് മാറ്റിയപ്പോൾ നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ട കാര്യം വാൻസ് ഓർമ്മിപ്പിച്ചു. വിദേശ തൊഴിലാളികളെ കമ്പനികൾ നിയമിക്കുകയും അവർക്ക് പരിശീലനം നൽകാൻ നിലവിലുള്ള അമേരിക്കൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്യുന്നത് വലിയ അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെട്ട ഒരു കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ദാരുണമായ സംഭവം ചൂണ്ടിക്കാട്ടിയാണ് വാൻസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കയിൽ പടർന്നുപിടിക്കുന്ന ലഹരിമരുന്ന് പ്രതിസന്ധിക്ക് കാരണം നിയന്ത്രണമില്ലാത്ത കുടിയേറ്റ നയങ്ങളാണെന്നും വാൻസ് ആരോപിച്ചു. അതിർത്തികൾ തുറന്നുകൊടുത്തത് കുറ്റവാളി സംഘങ്ങൾക്കും മയക്കുമരുന്ന് കടത്തുകാർക്കും വലിയ സഹായമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ കമ്പനികളുടെ മേധാവിമാരും രാഷ്ട്രീയക്കാരും സ്വന്തം ലാഭത്തിനായി അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്ന് വാൻസ് കുറ്റപ്പെടുത്തി.

അമേരിക്കൻ വിപണിയിലെ ഈ തൊഴിൽ മാറ്റങ്ങൾ യാദൃശ്ചികമല്ലെന്നും ചില പ്രമുഖരുടെ ആസൂത്രിത നീക്കമാണെന്നും വാൻസ് ആരോപിച്ചു. വിദേശത്തേക്ക് ഫാക്ടറികൾ മാറ്റുന്ന കമ്പനികൾ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുമ്പോൾ പ്രാദേശിക കമ്മ്യൂണിറ്റികൾ തകരുകയാണ് ചെയ്തത്. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയിലെ പ്രമുഖ വിസ പ്രോഗ്രാമായ എച്ച് 1ബി വിസയ്ക്കെതിരെയും വൈസ് പ്രസിഡന്റ് കടുത്ത വിമർശനം ഉന്നയിച്ചു. ശാസ്ത്രജ്ഞർ, ഡോക്ടർമാർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർക്കായി തുടങ്ങിയ ഈ വിസ പദ്ധതി വൻകിട കമ്പനികൾ ദുരുപയോഗം ചെയ്യുകയാണ്. കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾ ഈ വിസ പ്രയോഗിക്കുന്നുവെന്ന് വാൻസ് പറഞ്ഞു.

ട്രംപ് ഭരണകൂടം എച്ച് 1ബി വിസ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത അന്വേഷണം ആരംഭിച്ചതായി വാൻസ് വ്യക്തമാക്കി. അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക് തന്നെ ലഭിക്കണമെന്നും വിദേശ തട്ടിപ്പുകാർക്ക് നൽകാനാവില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. യുഎസ് തൊഴിൽ മന്ത്രാലയം നിരവധി കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*