ലോക ടെന്നീസിലെ ഏറ്റവും പ്രധാനപ്പെട്ട നാല് ഗ്രാൻസ്ലാം ടൂർണമെൻ്റുകളിൽ ഒന്നായ യുഎസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന പ്രഖ്യാപിച്ചു. ടൂർണമെൻ്റിലെ മൊത്തം സമ്മാനത്തുക 1,033 കോടി രൂപയായി ഉയർത്തിയതായി സംഘാടകർ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സമ്മാനത്തുകയിൽ 20 ശതമാനത്തിൻ്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. ലോക കായിക ചരിത്രത്തിൽ തന്നെ ഒരു ടെന്നീസ് ടൂർണമെൻ്റിൽ നൽകുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്.
പുരുഷ-വനിതാ സിംഗിൾസ് മത്സരജേതാക്കൾക്ക് ഇത്തവണ 52 കോടി രൂപ വീതം സമ്മാനമായി ലഭിക്കും. കഴിഞ്ഞ വർഷം ഇത് 47.85 കോടി രൂപയായിരുന്നു. ഓഗസ്റ്റ് 30 മുതലാണ് ഇത്തവണത്തെ പ്രധാന മത്സരങ്ങൾ ആരംഭിക്കുന്നത്. മിക്സഡ് ഡബിൾസ് മത്സരങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും.
സിംഗിൾസ് വിഭാഗത്തിലെ റണ്ണറപ്പിന് 26.79 കോടി രൂപയാണ് ഇത്തവണ ലഭിക്കുക. ടൂർണമെൻ്റിലെ ആദ്യ റൗണ്ടിൽത്തന്നെ പുറത്താകുന്ന കളിക്കാർക്ക് പോലും 1.33 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. ഡബിൾസ് മത്സരങ്ങളിലെ വിജയികൾക്ക് 9.57 കോടി രൂപയാണ് സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്. ടെന്നീസ് താരങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും താഴെത്തട്ടിലുള്ള കളിക്കാർക്ക് പിന്തുണ നൽകുന്നതിനുമാണ് പ്രാഥമിക റൗണ്ടുകളിലെ സമ്മാനത്തുക വർധിപ്പിച്ചത്. നിലവിൽ ലോകത്തെ ഗ്രാൻസ്ലാമുകളിൽ വെച്ച് ഏറ്റവും കൂടുതൽ സമ്മാനത്തുക നൽകുന്ന ടൂർണമെൻ്റായി ഇതോടെ യുഎസ് ഓപ്പൺ മാറി.
വിവിധ ഗ്രാൻസ്ലാമുകളിലെ സിംഗിൾസ് ജേതാക്കൾക്കുള്ള സമ്മാനത്തുക ഇപ്രകാരമാണ്:
യുഎസ് ഓപ്പൺ: 52 കോടി രൂപ
വിംബിൾഡൺ: 46.89 കോടി രൂപ
ഫ്രഞ്ച് ഓപ്പൺ: 31.58 കോടി രൂപ
ഓസ്ട്രേലിയൻ ഓപ്പൺ: 27.75 കോടി രൂപ

Be the first to comment