ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയം; തുടര്‍ചികിത്സ ആവശ്യമില്ലെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്നും, ഇനി അധികമായുള്ള കാന്‍സര്‍ ചികിത്സ ആവശ്യമില്ലെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
മാര്‍പാപ്പയുടെ വ്യക്തിഗത ഡോക്ടറായ ഡോ. ലൂയിജി കാര്‍ബോണെയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ തൊറാസിക് സര്‍ജറി വിദഗ്ധന്‍ പ്രൊഫ. ഡോ. സ്റ്റെഫാനോ മാര്‍ഗരിറ്റോറയും സംയുക്തമായാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

‘പരിശുദ്ധ പിതാവിന്റെ ശസ്ത്രക്രിയയ്ക്കിടെ നീക്കം ചെയ്ത കോശകലകളുടെ അന്തിമ ഹിസ്റ്റോളജിക്കല്‍ പരിശോധനാഫലങ്ങളും മോളിക്യുലാര്‍ ബയോളജി വിശകലനങ്ങളും പൂര്‍ത്തിയായി. പരിശോധനയില്‍ ശ്വാസകോശത്തിലെ അഡിനോകാര്‍സിനോമ എന്ന അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തില്‍ മാത്രമായി പരിമിതപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് ഓങ്കോളജി വിദഗ്ധര്‍ നടത്തിയ വിലയിരുത്തലില്‍ ഇനി അധിക ചികിത്സ ആവശ്യമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.”

മെഡിക്കല്‍ ബുള്ളറ്റിന്‍

ശ്വാസകോശ അര്‍ബുദങ്ങളില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന വിഭാഗമാണ് പള്‍മണറി അഡിനോകാര്‍സിനോമ. ശ്വാസകോശ അര്‍ബുദത്തിന്റെ ഏകദേശം 40 ശതമാനത്തോളം ഈ വിഭാഗത്തില്‍പ്പെടുന്നു. താരതമ്യേന സാവധാനത്തില്‍ വളരുന്ന ഈ രോഗം, പുകവലിക്കാത്തവരിലും കണ്ടുവരാറുണ്ട്.

അപ്രതീക്ഷിതമായി എത്തിയ രോഗവിവരം

കഴിഞ്ഞ ഒക്ടോബര്‍ 11-നാണ് ശ്വാസകോശത്തിലെ ഒരു മുഴയ്ക്ക് (nodule) ശസ്ത്രക്രിയ ആവശ്യമാണെന്ന് മാര്‍പാപ്പ അറിയിച്ചത്. ഇത് വത്തിക്കാനിലും ലോകമെമ്പാടുമുള്ള വിശ്വാസികളില്‍ ആശങ്ക പരത്തിയിരുന്നു. ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രാധാന്യം നല്‍കുന്ന മാര്‍പാപ്പയുടെ ആരോഗ്യപ്രശ്‌നം പലര്‍ക്കും അപ്രതീക്ഷിതമായിരുന്നു.

റോമിലെ ആശുപത്രിയില്‍ ഹ്രസ്വകാല ചികിത്സയ്ക്ക് ശേഷം, ശ്വാസകോശത്തിന്റെ ബാധിത ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് മാര്‍പാപ്പ വിധേയനായി. തുടര്‍ന്ന് ഒക്ടോബര്‍ 17-ന് അദ്ദേഹം ആശുപത്രി വിട്ടു. അടുത്ത ദിവസം തന്നെ രോഗനിര്‍ണയത്തിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം, അപ്പസ്‌തോലിക കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

‘ഈ അനുഭവം രോഗങ്ങളാലും ശാരീരിക അവശതകളാലും ബുദ്ധിമുട്ടുന്ന എല്ലാവരോടും എനിക്ക് കൂടുതല്‍ ആഴത്തിലുള്ള അടുപ്പവും ഐക്യദാര്‍ഢ്യവും പകര്‍ന്നുനല്‍കി.” – മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു

ആരോഗ്യനിലയും തുടര്‍നിരീക്ഷണവും

മാര്‍പാപ്പയുടെ രോഗമുക്തി സാധാരണയായി പ്രതീക്ഷിക്കുന്നതിനെക്കാള്‍ വേഗത്തിലാണെന്ന് അമേരിക്കന്‍ ലംഗ് അസോസിയേഷന്റെ ദേശീയ മെഡിക്കല്‍ വക്താവായ ഡോ. ജുവാനിറ്റ മോറ അഭിപ്രായപ്പെട്ടു ശസ്ത്രക്രിയയ്ക്കുശേഷം മാര്‍പാപ്പയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ആദ്യ ഏതാനും വര്‍ഷങ്ങളില്‍ 3 മുതല്‍ 6 മാസം ഇടവിട്ട് സി.ടി. സ്‌കാനുകള്‍ നടത്താനും, പിന്നീട് വര്‍ഷത്തിലൊരിക്കല്‍ പരിശോധന തുടരാനും സാധ്യതയുണ്ട്. രോഗം വീണ്ടും വരുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ശ്വാസോച്ഛ്വാസ ശേഷി മെച്ചപ്പെടുത്തുന്നതിനായി ശ്വസന പുനരധിവാസ ചികിത്സയും ഫിസിയോതെറാപ്പിയും ചില രോഗികള്‍ക്ക് ആവശ്യമായി വരാറുണ്ട്. മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദക്ഷിണ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രതീക്ഷ

അടുത്ത മാസം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ദക്ഷിണ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ ആശ്വാസവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പെറു, ഉറുഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യാത്രയില്‍ കുറഞ്ഞത് 14 വിമാനയാത്രകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാത്രാപരിപാടി വത്തിക്കാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ പ്രൊഫ. മാര്‍ഗരിറ്റോറ വത്തിക്കാന്‍ ന്യൂസിനോട് സംസാരിക്കവെ യാത്ര റദ്ദാക്കേണ്ടതിന് ”വൈദ്യശാസ്ത്രപരമായ കാരണങ്ങളൊന്നും കാണുന്നില്ല” എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ദീര്‍ഘദൂര വിമാനയാത്രകളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ ഇടയ്ക്കിടെ നടക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഡോക്ടര്‍മാര്‍ മാര്‍പാപ്പയ്ക്ക് നിര്‍ദേശം നല്‍കിയേക്കാം. കൂടാതെ, യാത്രയ്ക്കുമുമ്പ് കോവിഡ്-19, ഇന്‍ഫ്‌ലുവന്‍സ, ആര്‍.എസ്.വി. വാക്‌സിനുകള്‍ സ്വീകരിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകളില്‍നിന്ന് അധിക സംരക്ഷണം നല്‍കുമെന്നും ഡോ. മോറ കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പയുടെ ശസ്ത്രക്രിയ വിജയകരമായതും ഇനി അധിക കാന്‍സര്‍ ചികിത്സ ആവശ്യമില്ലെന്ന മെഡിക്കല്‍ വിലയിരുത്തലും ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ക്ക് വലിയ ആശ്വാസവും പ്രത്യാശയുമാണ് നല്‍കുന്നത്. തുടര്‍നിരീക്ഷണങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ ആരോഗ്യവും ശുശ്രൂഷകളും സുരക്ഷിതമായി മുന്നോട്ടുപോകട്ടെയെന്ന് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നു

Be the first to comment

Leave a Reply

Your email address will not be published.


*