തൃശ്ശൂർ : കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 18 കാരൻ മുഹമ്മദ് അസ്ലമിന്റെ മരണത്തിന് ഉത്തരവാദി പൊലീസാണെന്നും വ്യാജ കേസ് എടുത്തതിലും പൊലീസ് മർദ്ദനത്തിലും മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അച്ഛൻ നൗഷാദ് ആവശ്യപ്പെട്ടു.
അസ്ലമുമായുള്ള ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ കുടുംബം പൊലീസിനെ സ്വാധീനിച്ച് മക്കളെ രണ്ട് പേരെയും കസ്റ്റഡിയിലെടുപ്പിച്ചു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കിയെന്ന കള്ള കേസിൽ മക്കളെ കുടുക്കി. പൊലീസ് സ്റ്റേഷനിൽ വെച്ച് ഇളയ മകനെ മൃഗീയമായി മർദ്ദിച്ചു. അനിയനെ മർദ്ദിക്കുന്നത് കണ്ട് മൂത്ത സഹോദരൻ സഹൽ കുറ്റം സമ്മതിച്ചു. ഇതോടെ ഇരുവരെയും പ്രതിചേർത്ത് എഫ്ഐആർ ഇട്ടു. മൂന്ന് ദിവസം അന്യായമായി കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. ഫോട്ടോയിൽ കണ്ട ഇന്നോവ കാർ മകന്റെ സുഹൃത്തിന്റെ സഹോദരി വാങ്ങിയതാണ്. അവരാണ് ഇപ്പോഴും കാറിന്റെ ആർസി ഓണർ .
സെപ്റ്റംബർ 29ന് ആദ്യം ജൂവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നാകെ അസ്ലമിനെ ഹാജരാക്കി. ഒക്ടോബർ 4 നാണ് ജൂവനൈൽ ജസ്റ്റിസ് ബോർഡിൽ നിന്ന് അസ്ലമിന് ജാമ്യം ലഭിക്കുന്നത്. ഒക്ടോബർ ആറിന് വീടിന്റെ ടെറസിൽ ട്രസ്സ് വർക്ക് ചെയ്ത കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മകന്റെ ആത്മഹത്യയിൽ പോലീസ് ഇതുവരെ മൊഴിയെടുക്കാൻ എത്തിയിട്ടില്ല. മൂത്തമകൻ സഹൽ ഇപ്പോഴും റിമാൻഡിൽ തുടരുകയാണെന്നും നൗഷാദ് വ്യക്തമാക്കി.
നൗഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം
സുഹൃത്തുക്കളെ 06-10-2026. പഴുപറമ്പിൽ നൗഷാദ് മകൻ മുഹമ്മദ് അസ്ലം 18 വയസ്സ് മരണപെടാൻ ഉണ്ടായ കാരണം. ഒരു പിതാവിന്റെ വേദനയെന്ന നിലയിൽ ചുവടെ കൊടുക്കുന്നു….
27- 09-2026 ഞായറാഴ്ച വൈകുന്നേരം 6.45ന് കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് 9633284716 എന്ന നബറിൽ നിന്നും CI ആണെന്ന് പറഞ്ഞു കാൾ വന്നു. നിങ്ങൾ അസ്ലം എന്ന കുട്ടിയുടെ ആരാണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു അവന്റെ പിതാവ് ആണെന്ന്. അന്നേരം മറുതലക്കൽ നിന്നും പോലീസ്. നിന്റെ മകൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും പെട്ടന്ന് ഇവിടെ വരെ വരണമെന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തോട് എന്താണ് കാരണമെന്ന് ചോദിച്ചു അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. നീ കാരണം അറിഞ്ഞാൽ മാത്രമേ ഇവിടെ വരികയുള്ളു എന്ന് മറുപടി തന്നു. ഞാൻ ഒരു ടാക്സി ഡ്രൈവർ ആണെന്നും ഞാൻ ഒരു ഓട്ടം പോയ് കൊണ്ടിരിക്കുകയാണെന്നും വണ്ടിയിൽ ഉള്ള ആളുകളെ വഴിയിൽ ഇറക്കി വിട്ട് എനിക്ക് ഇപ്പോൾ വരാൻ സാധിക്കില്ലയെന്നും ഞാൻ ഓട്ടം കഴിഞ്ഞ് അവിടെ വരാമെന്നും പറഞ്ഞു കാൾ അവസാനിപ്പിച്ചു…
ഉടനെ ഞാൻ വീട്ടിലേക്ക് വിളിച്ച് എന്റെ മൂത്ത മകനോട് കാര്യം പറഞ്ഞു നിന്റെ അനുജൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും വേഗം അവിടെ വരെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കാനും പറഞ്ഞു വിട്ടു.

Be the first to comment