ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

തെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ മിസൈലാക്രമണം നടന്നതായി റിപ്പോര്‍ട്ട്. രണ്ട് മിസൈലുകള്‍ പതിച്ചതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്‍ പ്രതിനിധികളുമായി അമേരിക്ക ചര്‍ച്ച നടത്തിവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന കരാറിലെത്താന്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി അമേരിക്കയോടും ഇറാനോടും അഭ്യര്‍ത്ഥിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നടന്ന ഒരു അഭിമുഖത്തിനിടെ സംസാരിക്കവെ, ഒരു ശരിയായ നിമിഷത്തിനായി കാത്തിരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ആണവായുധം സ്വന്തമാക്കാന്‍ താന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇസ്രായേല്‍ ഇന്ന് നിലനില്‍ക്കുമായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ സംസാരിക്കവെയാണ് ഇറാനെതിരെ നടത്തിയ സൈനിക നടപടികളെ ട്രംപ് ന്യായീകരിച്ചത്. ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയാന്‍ ഈ നടപടികള്‍ സഹായിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. താന്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ ഇസ്രായേല്‍ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കപ്പെടുമായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടയിലും, ഇറാനെതിരെ യുഎസ് വീണ്ടും സൈനിക നടപടികള്‍ സ്വീകരിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്കയും ഇസ്രായേലും നേരിടേണ്ടി വരുമെന്ന് ഇറാന്‍ സുരക്ഷാ വിഭാഗം മേധാവി ഇബ്രാഹിം അസീസി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള തെറ്റായ നീക്കമുണ്ടായാല്‍ ഇറാന്‍ നിര്‍ണായകമായ തിരിച്ചടി നല്‍കുമെന്നും കടുത്ത വില നല്‍കാതെ അമേരിക്കന്‍ സൈന്യത്തിന് ഈ മേഖലയില്‍ നിന്ന് പിന്മാറാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണ സാധ്യത മുന്നില്‍ക്കണ്ട്, ആണവ നിലയങ്ങള്‍ക്ക് സമീപമുള്ള ജനവാസ മേഖലകളില്‍ ഇറാന്‍ അയഡിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതായി ‘ദി ടൈംസ് ഓഫ് ലണ്ടന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിനെ ഇനി വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്‌തേക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്ത് നിന്ന് സൂസി വൈല്‍സിനെ പ്രഡിഡന്റ് ട്രംപ് നീക്കി. പകരം ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. നവംബര്‍ 9 ന് മില്ലര്‍ ചുമതലയേല്‍ക്കും. ട്രംപിന്റെ അടുത്ത വിശ്വസ്തരില്‍ പെടുന്നയാളാണ് മില്ലര്‍. കുടിയേറ്റ നയങ്ങളുടെ ആസൂത്രകനായ മില്ലര്‍ വളരെ നല്ല മനുഷ്യനെന്നും മികച്ച മാനേജരെന്നും ഡോണള്‍ ട്രംപ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*