ഇറാനുമായുള്ള യുദ്ധം: യുഎസിന്‌ 4,710 കോടി ഡോളർ നഷ്ടമെന്ന് റിപ്പോര്‍ട്ട്‌

ഇറാനുമായുള്ള യുദ്ധം അമേരിക്കൻ സൈന്യത്തിന് ഇതുവരെ കുറഞ്ഞത് 47.1 ബില്യൺ ഡോളറിന്റെ (ഏകദേശം 4,710 കോടി ഡോളർ) നഷ്ടമുണ്ടാക്കിയതായി റിപ്പോർട്ട്. യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ പകുതിയോടെയുള്ള കണക്കാണിത്. യുഎസ് കോൺഗ്രസിന് നൽകിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചെലവായ ആയുധങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് മാത്രമായി 29 ബില്യൺ ഡോളറിലധികം ആവശ്യമായി വന്നിട്ടുണ്ട്. യുദ്ധത്തിൽ നഷ്ടപ്പെട്ട ഉപകരണങ്ങൾ തിരികെ വാങ്ങുന്നതിന് 6.1 ബില്യൺ ഡോളറും, അമേരിക്കൻ സൈനികരുടെ സംരക്ഷണവും മറ്റ് കാര്യങ്ങൾക്കുമായി 11.9 ബില്യൺ ഡോളറുമാണ് സൈന്യം കണക്കാക്കിയിരിക്കുന്നത്. എന്നാൽ മിഡിൽ ഈസ്റ്റിലെ യു.എസ് സൈനിക താവളങ്ങൾക്ക് ഇറാനിയൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ തുക ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

മൂന്ന് മാസം മുമ്പ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത് നൽകിയ കണക്കുകൾ പ്രകാരം യുദ്ധച്ചെലവ് ഏകദേശം 37.5 ബില്യൺ ഡോളറായിരുന്നു. ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ഇന്റർസെപ്റ്റർ മിസൈലുകൾ മാറ്റിസ്ഥാപിക്കേണ്ടി വരുന്നതിനാൽ പ്രതിമാസം 2-3 ബില്യൺ ഡോളർ വരെ ചെലവ് വരുമെന്ന് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഈ ആഴ്ചയോടെ ഇറാൻ യുദ്ധം ഒൻപതാം മാസത്തിലേക്ക് കടക്കുകയാണ്. അടുത്ത മാസം നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാർ ഉണ്ടാക്കാനായില്ലെങ്കിൽ ശത്രുത പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, യുദ്ധത്തിൽ വൻതോതിൽ ആയുധങ്ങൾ ഉപയോഗിച്ചതിനാൽ അമേരിക്ക കടുത്ത ആയുധക്ഷാമം നേരിടുന്നുണ്ടെന്ന് പെന്റഗൺ ഇൻസ്പെക്ടർ ജനറൽ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സൈന്യത്തിന് ആവശ്യത്തിന് ആയുധങ്ങളുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.

Be the first to comment

Leave a Reply

Your email address will not be published.


*