തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ആദ്യം മർദിച്ചത് എംഎൽഎ ആണെന്ന് മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്. ഏകപക്ഷീയമായി എംഎൽഎ മർദിക്കുകയായിരുന്നു.
എംഎൽഎയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും പങ്കെടുത്ത ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ എംഎൽഎയ്ക്കൊപ്പം എപ്പോഴും ഉണ്ടാകുന്ന ഈ നാട്ടുകാരനല്ലാത്ത ആലത്തൂരുകാരനായ പാളയം പ്രദീപ് പങ്കെടുത്തു. ഇയാൾക്കെതിരെ നിരന്തരമായി പരാതികളാണ് ലഭിക്കുന്നത്. ജനപ്രതിനിധികൾ പങ്കെടുക്കുന്ന മീറ്റിങ്ങിൽ ഇയാൾ കൂടി നിൽക്കുന്ന ഫോട്ടോ എംഎൽഎ തന്നെയാണ് പങ്കുവെച്ചത്. താനോ പഞ്ചായത്ത് പ്രസിഡന്റോ പോലും ആ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല. ഇതിനെ ചൊല്ലി പാർട്ടിയുടെ പ്രധാനപ്പെട്ട കോൺഗ്രസ് നേതാവ് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ എംഎൽഎ ഷെയർ ചെയ്ത ഫോട്ടോ ചർച്ചയാക്കുക ഉണ്ടായെന്ന് സജിത് ട്വന്റി ഫോറിനോട് പറഞ്ഞു.
ഈ വാട്സാപ്പ് സന്ദേശം അയച്ച സജാദ് എന്നയാളുടെ കുടുംബ വീട്ടിൽ രാത്രിയോടെ എംഎൽഎയും പാളയം പ്രദീപും ഡ്രൈവർമാരും എത്തുകയായിരുന്നു. സജാദിനെ ബലമായി പിടിച്ചിറക്കി പാളയം പ്രദീപിന്റെ ബൈക്കിലാണ് ഇയാളെ കൊണ്ടുപോകുന്നത്. സജാദിന്റെ കുടുംബം വിവരം അറിയിച്ചതിനെത്തുടർന്നാണ് താൻ അടക്കമുള്ളവർ ഇവിടെ എത്തുന്നതെന്നും കുടുംബത്തെ അടക്കം മുന്നിൽ നിർത്തി ഉപദ്രവിക്കുന്നത് കണ്ടപ്പോഴാണ് താൻ ഇടപെടുകയും എംഎൽഎ തന്നെ കയ്യേറ്റം ചെയ്യുകയും ചെയ്തതെന്ന് മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത് പറഞ്ഞു.

Be the first to comment