‘കുറുപ്പ് തന്ത്രജ്ഞനായ കുറ്റവാളി; കണ്ടെത്തുന്നതിന് വേണ്ടി ജാഗ്രതയോടെയുള്ള നീക്കം കേരള പൊലീസ് നടത്തിയിട്ടില്ല’; അലി അക്ബര്‍

കൊച്ചി: കുറുപ്പിനെ പിടികൂടുന്നതില്‍ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബര്‍. സുകുമാര കുറുപ്പ് തന്ത്രജ്ഞനായ കുറ്റവാളിയെന്നും കുറ്റകൃത്യം ചെയ്യുമ്പോള്‍ കുറുപ്പിന് മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വളരെ തന്ത്രജ്ഞനായ കുറ്റവാളിയാണ് കുറുപ്പ്. അയാള്‍ അവിടെ താമസിക്കുന്നത് തന്നെ ഇന്ത്യന്‍ സംശജനായ മലേഷ്യന്‍ പൗരന്‍ എന്ന പേരിലാണ്. ഈ കുറ്റകൃത്യം ഇവിടെ ചെയ്യുമ്പോള്‍ തന്നെ അദ്ദേഹത്തിന് മൂന്ന് പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നു. ലോകത്ത് എവിടെ പോയി ഏത് തരത്തില്‍ ജീവിക്കണമെന്ന് സുകുമാര കുറുപ്പിനെ ആരും പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. സുകുമാര കുറുപ്പിനെ കണ്ടെത്തുന്നതിന് വേണ്ടി ജാഗ്രതയോടെയുള്ള നീക്കം കേരള പൊലീസ് നടത്തിയിട്ടില്ല എന്നാണ് ഞാന്‍ മുന്‍പ് വെളിവാക്കിയത്. അതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ഞാന്‍ പുറത്ത് വിട്ട കാര്യങ്ങള്‍ വച്ചുകൊണ്ടുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത് – അദ്ദേഹം പറഞ്ഞു.

കുറുപ്പിന്റെ ജനന തിയതി തെളിയിക്കുന്ന രേഖകള്‍ ഇന്നും തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രൂണെയിലുള്ള ആള്‍ വിളിക്കുന്നു എന്ന് പറഞ്ഞ ഫോണ്‍ രേഖ ഞാന്‍ കൈമാറിയതാണ്. സുകുമാര കുറുപ്പിന്റെ വീട്ടില്‍ മറ്റാരും ബ്രൂണെയിലില്ല. സരസമ്മ എന്ന സുകുമാര കുറുപ്പിന്റെ ഭാര്യയെ സരസു എന്ന് വിളിക്കുന്നത് അദ്ദേഹം മാത്രമാണ് – അദ്ദേഹം പറഞ്ഞു.

പൊലീസിലുള്ള സങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെയും ഇന്റര്‍പോളിന്റെയും സഹായത്തോടെ മുന്നോട്ട് പോയാല്‍ സുകുമാര കുറുപ്പ് മരിച്ചുപോയെങ്കില്‍ മരിച്ചെന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ജീവിച്ചിരിക്കുന്നുവെന്നും മനസിലാക്കാന്‍ കഴിയും. സുകുമാര കുറുപ്പിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹവുമായി ഏതെങ്കിലുമായി ബന്ധപ്പെട്ടവരുണ്ടോ അവരുടെയെല്ലാം ഫോണ്‍ നമ്പരുകളാണ് ഞാന്‍ കളക്റ്റ് ചെയ്ത് കൊടുത്തിട്ടുള്ളത്. അത് വച്ചുകൊണ്ട് ഇന്ന് പൊലീസിന്റെ സംവിധാനമുപയോഗിച്ച് കുറുപ്പിനെ കണ്ടെത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമര്‍ഥനായ കുറ്റവാളിയായതുകൊണ്ട് അയാള്‍ അടുത്ത താവളം തേടുന്നതിന് മുന്‍പ് ഈ പറഞ്ഞ വ്യക്തി സുകുമാര കുറുപ്പാണോ എന്ന് കണ്ടെത്താന്‍ വളരെ പെട്ടന്ന് കഴിയും. അതിന് കഴിയട്ടെ – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*