സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാകുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണടിച്ചിൽ ഭീഷണിയും രൂക്ഷമായതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. സംസ്ഥാന ദുരന്തനിവാരണ സ്റ്റേറ്റ് കൺട്രോൾ റൂമിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിവിധ ജില്ലകളിലായി 273 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ 7,674 ആളുകളെയാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.
വീടുകളിൽ വെള്ളം കയറിയവരും ഉരുൾപൊട്ടൽ-മണ്ണടിച്ചിൽ സാധ്യതയുള്ള അപകടമേഖലകളിൽ വസിക്കുന്നവരുമായ കുടുംബങ്ങളെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും മരുന്നും ഉൾപ്പെടെയുള്ള പ്രാഥമിക സൗകര്യങ്ങൾ റവന്യൂ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ഉറപ്പാക്കുന്നുണ്ട്.
പകർച്ചവ്യാധികൾ പടരാതിരിക്കാൻ ക്യാമ്പുകളിൽ പ്രത്യേക വൈദ്യസഹായവും ക്ലീനിങ് പ്രവർത്തനങ്ങളും ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയിലും ശക്തമായ കാറ്റിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്:
പ്രധാന പുഴകളിലെല്ലാം ജലനിരപ്പ് ഉയരുകയും തീരപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് ദുരന്തനിവാരണ അതോറിറ്റിയും തദ്ദേശ ഭരണകൂടങ്ങളും ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിച്ചുവരികയാണ്.മലയോര റോഡുകളിൽ മരങ്ങൾ കടപുഴകി വീണും മണ്ണുടിഞ്ഞും പലയിടത്തും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.
പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നതും മീൻപിടിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.
ഉരുൾപൊട്ടൽ/മണ്ണടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശം ലഭിച്ചാൽ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
അടിയന്തര സാഹചര്യങ്ങളിൽ താലൂക്ക്/ജില്ലാ കൺട്രോൾ റൂമുകളിലോ ടോൾ ഫ്രീ നമ്പറായ 1077ലേക്ക് ബന്ധപ്പെടാവുന്നതാണ്.

Be the first to comment