48,000 നാദശലഭങ്ങള്‍ ബാക്കി…വിട, വാനമ്പാടി…; ജാനകിയമ്മയ്ക്ക് യാത്രാമൊഴിയേകി ആയിരങ്ങള്‍

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കനിയനഹുണ്ഡി ഫാം ഹൗസില്‍ നാലരയ്ക്ക് ശേഷമാണ് ചടങ്ങുകള്‍ നടന്നത്. ഏറെ വൈകാരികതയോടെയാണ് സംഗീതലോകം എസ് ജാനകിയ്ക്ക് വിട ചൊല്ലുന്നത്. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോണ്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു ജാനകിയമ്മയുടെ അന്ത്യം. മലയാളത്തില്‍ ഉള്‍പ്പെടെ 48,000 പാട്ടുകള്‍ ബാക്കിയാക്കിയാണ് ജാനകിയമ്മ മടങ്ങുന്നത്. ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ളീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, സിംഹള, ജര്‍മന്‍ ഭാഷകളിലും ജാനകി പാടിയിട്ടുണ്ട്.

മികച്ച ഗായികയ്ക്കുള്ള ദേശിയ അവാര്‍ഡ് നാലുതവണ എസ്.ജാനകിയ്ക്ക് ലഭിച്ചു. ഓപ്പോള്‍ എന്ന സിനിമയിലെ ഏറ്റുമാനൂരമ്പലത്തില്‍ എന്നു തുടങ്ങുന്ന പാട്ടാണ് 1981ലെ ദേശീയ അവാര്‍ഡിന് ജാനകിയെ അര്‍ഹയാക്കിയത്. രണ്ടു തവണ തമിഴ് ഗാനങ്ങളും ഒരു തവണ തെലുങ്ക് ?ഗാനവുമാണ് എസ് ജാനകിക്ക് ദേശീയ പുരസ്‌കാരം സമ്മാനിച്ചത്. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണ ലഭിച്ചു.

പരേതനായ വി.രാമപ്രസാദാണ് എസ്. ജാനകിയുടെ ഭര്‍ത്താവ്. 1958ലായിരുന്നു വിവാഹം. 1990ല്‍ അദ്ദേഹം മരണപ്പെട്ടു. പരേതനായ മുരളീകൃഷ്ണ മകനാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇന്ത്യന്‍ സിനിമയുള്ളിടത്തോളം കാലം ജാനകിയമ്മയുടെ ശബ്ദം മനുഷ്യ മനസുകളില്‍ എക്കാലവും മുഴങ്ങിക്കേള്‍ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*