പോറ്റിയില്‍ നിന്ന് ചാത്തനിലേക്കുള്ള ആ പരകായപ്രവേശം; മലയാളത്തിന്റെ മമ്മൂട്ടിയല്ലാതെ മറ്റാരുണ്ട്

പുരസ്‌കാരങ്ങള്‍ കൊണ്ട് മമ്മൂട്ടിയെന്ന നടനെ അളക്കാന്‍ പറ്റുമോയെന്ന് ചോദിച്ചാല്‍ സംശയമാണ്. ഒരു പുരസ്‌കാരത്തിന്റെ ത്രാസിലും തുലനം ചെയ്യാനാകാത്ത അഭിനയവിസ്മയമാണ് ആ മനുഷ്യന്‍. സിനിമയോട് ഇത്രയേറെ ആര്‍ത്തിയുള്ള, പകരംവെയ്ക്കാനില്ലാത്ത പകര്‍ന്നാട്ടങ്ങള്‍ എത്ര കെട്ടിയാടിയിട്ടും മടുക്കാത്ത മമ്മൂട്ടിയെ പോലെ മറ്റൊരാളുണ്ടോ. താരപദവിയും പ്രതിച്ഛായയുമൊന്നും അഭിനയമെന്ന ആസ്‌ക്തിക്ക് മുന്നില്‍ മമ്മൂട്ടിക്ക് വലുതല്ല. അതുകൊണ്ട് തന്നെയാണ് പ്രതിനായക വേഷങ്ങളില്‍ ഇത്രയെറെ തിളങ്ങാന്‍ മമ്മൂട്ടിക്ക് കഴിയുന്നതും. വിധേയനും പാലേരി മാണിക്യവും പുഴുവും ഭ്രമയുഗവും കളങ്കാവലും അങ്ങനെ ആസുരത്വം കെട്ടിയാടിയ എത്രയെത്ര വേഷങ്ങള്‍.

ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയില്‍ നിന്ന് ചാത്തനിലേക്കുള്ള ആ പരകായ പ്രവേശത്തെ വിശേഷിപ്പിക്കാന്‍ മാന്ത്രികതയില്‍ കുറഞ്ഞൊരു വാക്കില്ല. കറുപ്പിലും വെളുപ്പിലും നിറഞ്ഞാടിയ മമ്മൂട്ടിയുടെ ദൃശ്യകാന്തി, തേവനെ പോലെ ഓരോ പ്രേക്ഷകനെയും ആ മനയില്‍ തളച്ചിട്ടു. തന്നിലെ താരത്തെ പരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ വിമുഖതയില്ലെന്ന സവിശേഷതയ്ക്കുള്ള പ്രതിഫലം തന്നെയാണ് നാലാം തവണയും തേടിയെത്തിയ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം.

മതിലുകളിലെ ബഷീറും വടക്കന്‍ വീരഗാഥയിലെ ചേകവന്‍ ചന്തുവും പൊന്തന്‍മാടയിലെ മാടയും വിധേയനിലെ പട്ടേലരും ഡോ ബി ആര്‍ അംബേദ്കറിലെ അംബേദ്കറായുള്ള ഭാവപകര്‍ച്ചയും മൂന്ന് തവണ മികച്ച നടന്റെ കസേരയില്‍ മമ്മൂട്ടിക്ക് സ്ഥാനം നല്‍കി. ഒടുവില്‍ നാലാം തവണയും, ‘ഇവിടെ നിന്ന് പോകാന്‍ അനുവാദമില്ലെന്ന’ ആജ്ഞയില്‍ ദേശീയ പുരസ്‌കാരത്തെ മനയില്‍ തളച്ചിട്ടപ്പോള്‍ പിറന്നത് മറ്റൊരു റെക്കോഡ് കൂടിയാണ്. നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്ന നടനെന്ന അമിതാഭ് ബച്ചന്റെ റെക്കോഡ് പൊക്കത്തിലേക്ക് മലയാളത്തിന്റെ മമ്മൂട്ടിയും വളര്‍ന്നു. എന്നും താന്‍ രാകിമിനുക്കി സൂക്ഷിക്കുന്നെന്ന് മമ്മൂട്ടി ഊറ്റം കൊള്ളുന്ന ആ നടന്റെ തിളക്കം. സിനിമയ്ക്ക് മമ്മൂട്ടിയെയാണോ മമ്മൂട്ടിക്ക് സിനിമയെയാണോ ആവശ്യമെന്ന് ചോദിച്ചാല്‍ മമ്മൂട്ടിക്ക് സിനിമയെ ആണ് ആവശ്യമെന്ന വിനയത്തിലേക്ക് മമ്മൂട്ടി ചുരുങ്ങും. എന്നാല്‍, അതിലൊരു തിരുത്തുണ്ട്. ആ മഹാനടനല്ലാതെ സിനിമ മറ്റെന്താണ്.

Be the first to comment

Leave a Reply

Your email address will not be published.


*