ഓപ്പറേഷന്‍ തൂഫാന്‍; വിജയ് കേരളത്തിലേക്ക്; കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്. കൊച്ചിയില്‍ മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ സി ജോസഫ് വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന് സി ജോസഫ് വിജയ് പൂര്‍ണപിന്തുണ അറിയിച്ചു. ചെന്നൈയില്‍ സി ജോസഫ് വിജയ്-യുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സി ജോസഫ് വിജയുമായി അരമണിക്കൂറിലേറെ നേരെ സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഓപ്പറേഷന്‍ തൂഫാന് അദ്ദേഹം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കേരള തമിഴ്‌നാട് ബോര്‍ഡറുകളില്‍ പൊലീസിനെ വിന്യസിക്കുന്നതും അതോടൊപ്പം തന്നെ ഇന്റലിജന്‍സ് ഷെയറിംഗും ഇന്‍ഫര്‍മേഷന്‍ ഷെയറിംഗും നടത്താന്‍ അദ്ദേഹം തയാറായിട്ടുണ്ട്. എല്ലാ പൊലീസ് ഉദ്യോഗസ്ഥന്‍മാരും സെക്രട്ടറിമാരുമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നിര്‍ദേശം നല്‍കി. കേരള തമിഴ്‌നാട് ബോര്‍ഡര്‍ പരിപൂര്‍ണമായി പൊലീസിന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരാനും തീരുമാനിച്ചു – അദ്ദേഹം പറഞ്ഞു.

വിജയ്‌യോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോഹന്‍ലാല്‍ ആണ് തൂഫാന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഇരുവരും ചേര്‍ന്ന് ജില്ല എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവര്‍ രണ്ടുപേരും കൂടി പങ്കെടുക്കുന്ന ഒരു പരിപാടി മുഖ്യമന്ത്രി വി ഡി സതീശനെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് എറണാകുളത്ത് വച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ലഹരിക്കെതിരെ വലിയ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം കൈകോര്‍ക്കാന്‍ തയാറായതില്‍ വിജയോട് നന്ദി പറയുന്നു – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*