ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടന്‍. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഐ ആര്‍ ജി സി ഏര്‍പ്പെട്ടിരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ബ്രിട്ടനില്‍ ഐ ആര്‍ ജി സിയെ പിന്തുണയ്ക്കുന്നത് ഇതിലുടെ ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടും. ഐ ആര്‍ ജി സി ക്കു പുറമേ ബ്രിട്ടനിലെ ജൂത കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധമുള്ള ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദി കംപാനിയന്‍സ് ഓഫ് ദി റൈറ്റ് , റഷ്യന്‍ സൈനിക ഇന്റലിജന്‍സിന്റെ അന്താരാഷ്ട്ര ശാഖയായി വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ ഫെഡറേഷന്‍ വോളണ്ടിയര്‍ കോര്‍ എന്നീ സംഘടനകളെയും ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

ഭീകരസംഘടനയായി ബ്രിട്ടണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സംഘടനകളുമായി ബന്ധപ്പെട്ട ചാരവൃത്തി, വിദേശ ഇടപെടലുകള്‍, അട്ടിമറി ശ്രമങ്ങള്‍, ആക്രമണസാധ്യത തുടങ്ങിയവ പരിശോധിക്കാനും പ്രതിരോധിക്കാനും പൊലീസിനുള്ളില്‍ അടക്കം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രൂപം നല്‍കുമെന്നാണ് വിവരം. മാര്‍ച്ച് 23 ന് ഗോള്‍ഡേഴ്സ് ഗ്രീനില്‍ നാല് ഹാറ്റ്സോള ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ സെമിറ്റിക് വിരുദ്ധ ആക്രമണം ഉള്‍പ്പെടെ ജൂത മേഖലകളെ ലക്ഷ്യമിട്ട് ഐആര്‍ജിസി ഏഴോളം ആക്രമണങ്ങള്‍ നടത്തിയെന്നാണ് ബ്രിട്ടന്റെ ആരോപണം. ഇതിന് ചില തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ബ്രിട്ടന്റെ ഈ പ്രഖ്യാപനം.

Be the first to comment

Leave a Reply

Your email address will not be published.


*