സിനിമ, സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് പ്രവീണ. ഇപ്പോഴും അഭിനയരംഗത്ത് സജീവമായി തുടരുന്ന പ്രവീണയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലും ഏറെ ആരാധകരുണ്ട്.
ഇപ്പോഴിതാ പ്രവീണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നടനും സംവിധായകനുമായ ബേസിൽ ജോസഫിനൊപ്പമുള്ള ചിത്രത്തിന് “ഈ ആഴ്ചയിലെ അമ്മയും കുഞ്ഞും” എന്ന രസകരമായ അടിക്കുറിപ്പാണ് താരം നൽകിയിരിക്കുന്നത്. ഏതെങ്കിലും പുതിയ സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ ആണോ ഇതെന്ന് വ്യക്തമല്ലെങ്കിലും, ചിത്രവും അടിക്കുറിപ്പും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘ഗൗരി’യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ബാലതാരമായിട്ടായിരുന്നു പ്രവീണയുടെ അരങ്ങേറ്റം. ശ്യാമ പ്രസാദിന്റെ അഗ്നിസാക്ഷി, അടൂർ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മനസ്സിൽ ഒരു മഞ്ഞുതുള്ളി തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അഗ്നിസാക്ഷി, ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം പ്രവീണ നേടി.

Be the first to comment