ബെവ്കോയിലെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തിയില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. ബെവ്കോ എം ഡി യോഗേഷ് ഗുപ്തയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കും. ബെവ്കോയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് വകുപ്പ് അറിയാതെയെന്നാണ് വിലയിരുത്തല്‍.
യോഗേഷ് ഗുപ്തയോട് ഇന്ന് നേരില്‍ കാണാനാണ് മന്ത്രി എം ലിജു നിര്‍ദേശിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കിയതും എംഡിയുടെ ഏകപക്ഷീയ തീരുമാനമെന്നാണ് വിവരം. എംഡി റദ്ദാക്കിയ പദ്ധതി പുനരാരംഭിക്കാന്‍ മന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. തദ്ദേശ വകുപ്പിന്റെ കൂടി സഹായത്തോടെ പദ്ധതി വിപുലീകരിക്കാനും ആലോചനയുണ്ട്.
പദ്ധതി പൂര്‍ണമായും നിര്‍ത്തേണ്ടതില്ലെന്നായിരുന്നു എക്‌സൈസ് വകുപ്പിന്റെ തീരുമാനം. ഓണക്കാലം വരെയാണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തുക. നിലവില്‍ ഇറക്കിയ ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കും. ഓണക്കാലത്തിനുശേഷം ബെവ്കോയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. പദ്ധതിയെക്കുറിച്ച് പുതിയ മന്ത്രിക്കും നല്ല അഭിപ്രായമാണുള്ളതെന്നാണ് വിവരം. ഓണത്തിന് ശേഷം കുപ്പികള്‍ തിരിച്ചു നല്‍കുന്ന പദ്ധതി വീണ്ടും ആരംഭിക്കും.
ഉപഭോക്താവില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത. ഈ തുക മദ്യത്തിന്റെ വിലയില്‍ ഉള്‍പ്പെടുന്നതല്ല. ബെവ്‌കോ സ്റ്റിക്കര്‍ വ്യക്തമായി കാണുന്ന രീതിയില്‍ ഒഴിഞ്ഞ കുപ്പി തിരികെ നല്‍കുമ്പോള്‍ ഈ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. മദ്യക്കുപ്പികള്‍ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാനും അവയെ പുനരുപയോഗിക്കാനോ പുനഃചംക്രമണം ചെയ്യാനോ സഹായിക്കുമെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2025 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്.

Be the first to comment