ഷെയ്ഖ് ഹസീന പൊതു വേദിയിലേക്ക്: പരിപാടിയുമായി ബന്ധമില്ലെന്ന് ഇന്ത്യ

ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ആദ്യമായി പൊതു വേദിയിലേക്ക്. ഡൽഹിയിൽ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന ഓൺലൈൻ പരിപാടിയിലൂടെയാണ് ഹസീന ലോകത്തിന് മുന്നിലെത്തുന്നത്. ഷെയ്ഖ് ഹസീന ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട് കൃത്യം രണ്ട് വർഷം തികയുന്ന ദിവസമാണ് ഇന്ന്.

സുരക്ഷാ കാരണങ്ങളാൽ ഓൺലൈൻ ആയിട്ടാകും ഷെയ്ക്ക് ഹസീന മാധ്യമങ്ങൾക്ക് മുന്നിലെത്തുക. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ ശേഷം ആദ്യമായാണ് ഷെയ്ക്ക് ഹസീന വാർത്താ സമ്മേളനം നടത്തുന്നത്. ബംഗ്ലാദേശിലേക്കുള്ള മടങ്ങി പോക്ക് പ്രഖ്യാപിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. ബംഗ്ലാദേശിലേക്കുള്ള തന്റെ മടങ്ങിവരവ് പദ്ധതികളും രാജ്യത്തിന്റെ ഭാവിയെ ക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഹസീന വ്യക്തമാക്കിയേക്കും.

അതേസമയം ഹസീനയുടെ പരിപാടിയുമായി ബന്ധമില്ലെന്ന് ഇന്ത്യ അറിയിച്ചു. വിഷയത്തിൽ ബംഗ്ലാദേശ് ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ബംഗ്ലാദേശ് കലാപത്തിന് പിന്നാലെ ഇൻറർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ക്ക് ഹസീനയെ വധശിക്ഷക്ക് വിധിച്ചിരുന്നു. ഷെയ്ക്ക് ഹസീനയെ വിട്ടു കിട്ടണമെന്ന ബംഗ്ലാദേശിൻറെ ആവശ്യത്തിൽ ഇന്ത്യ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*