യുദ്ധത്തില്‍ വന്‍ വിജയം! ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ ട്രംപ് ഒരുങ്ങുന്നോ?

ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഇറാനുമായുള്ള യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കവെ, അമേരിക്ക വന്‍ വിജയത്തിലേക്ക് നീങ്ങുകയാണെന്നും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തതായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ, ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ട്രംപ് മുതിര്‍ന്ന ഉപദേശകരുമായി രഹസ്യമായി ചര്‍ച്ച നടത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ അമേരിക്ക വളരെ മികച്ച നിലയിലാണ് മുന്നേറുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ശക്തമായ ആക്രമണങ്ങളിലൂടെ ഇറാന്റെ നാവികസേന, വ്യോമസേന, യുദ്ധവിമാനങ്ങള്‍, സൈനിക സാങ്കേതികവിദ്യ എന്നിവ പൂര്‍ണ്ണമായും തകര്‍ത്തതായി അദ്ദേഹം പറഞ്ഞു. ലോകത്തെ എണ്ണ വിതരണത്തിലെ ഏറ്റവും വലിയ വാണിജ്യ പാതയും തന്ത്രപ്രധാന കേന്ദ്രവുമായ ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് സൈന്യം പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ചതായും ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ നിര്‍ണ്ണായക പ്രസ്താവനകള്‍ പുറത്തുവന്നത്.

അതേസമയം, അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തെത്തിയതും എണ്ണവില ക്രമാതീതമായി ഉയരുന്നതും കണക്കിലെടുത്ത് യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് താല്‍പ്പര്യപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഇറാന്‍ ഒടുവില്‍ തങ്ങളുടെ ആണവ പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന വിലയിരുത്തലിലാണ് ട്രംപുള്ളത്. ഇറാന്റെ പ്രധാന വരുമാന സ്രോതസ്സുകളായ എണ്ണ, കപ്പല്‍ ഗതാഗതം, വ്യോമയാനം, ഡിജിറ്റല്‍ ആസ്തികള്‍ എന്നിവയെ ലക്ഷ്യമിട്ട് അമേരിക്ക അടുത്തിടെ ‘ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ ആരംഭിച്ചിരുന്നു.

എങ്കിലും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം പെന്റഗണ്‍ വര്‍ദ്ധിപ്പിക്കുകയാണ്. യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മേഖലയിലെ സൈനിക സേവന കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്. ഇത് സംഘര്‍ഷം അടുത്ത വര്‍ഷത്തേക്കും നീണ്ടുനില്‍ക്കാനുള്ള സാധ്യതയേക്കുറിച്ചാണ് സൂചന നല്‍കുന്നത്.

ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ പരസ്പര ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ശക്തമായ വ്യോമാക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള എയര്‍ ഡിഫന്‍സ് സങ്കേതങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍ ഉള്‍പ്പെടെ അറുപതോളം ഇ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ യുഎസ് തകര്‍ത്തു.

ഈ ആക്രമണങ്ങളില്‍ 18 പേര്‍ കൊല്ലപ്പെടുകയും 142 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇ ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. തിരിച്ചടിയായി ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാനും ആക്രമണം അഴിച്ചുവിട്ടു. സംഘര്‍ഷങ്ങള്‍ക്കിടയിലും തന്ത്രപ്രധാന കടല്‍പ്പാതയിലൂടെ 40 വാണിജ്യ കപ്പലുകള്‍ക്ക് യുഎസ് സൈന്യം സുരക്ഷിതമായി വഴിയൊരുക്കി നല്‍കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*