ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിന്‍ സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്ന് ചെലവായത്. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മുന്‍ മന്ത്രി അബ്ദുറഹിമാന്‍ തന്നെയാണ് മറുപടി നല്‍കിയിരുന്നത്. മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ വ്യക്തിയ്ക്ക് നല്‍കിയതിലും ദുരൂഹതയുണ്ട്.
മെസിയെ എത്തിക്കാന്‍ ശ്രമിച്ചതില്‍ സര്‍ക്കാരിന് ചില്ലി കാശ് നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു നിലവിലെ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം, അര്‍ജന്റീന അക്കാദമികള്‍ കേരളത്തില്‍ ആരംഭിക്കുക, സ്‌പെയിന്‍ ഹയര്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലുമായുള്ള സഹകരണം തുടങ്ങിയവയുടെ ചര്‍ച്ചകള്‍ക്കായി 13,0434 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞത്. നിയമസഭാ രേഖയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.
മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുന്‍ സര്‍ക്കാരും സ്‌പോണ്‍സറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കളക്ഷന്‍ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധന വകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഈ വിഷയം മന്ത്രി സഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യാനാണ് സാധ്യത.

Be the first to comment