സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം; 11 പേര്‍ക്ക് പരുക്ക്

സൗദി അറേബ്യയിലെ നജ്‌റാനില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി പൗരന്മാര്‍ക്കും നാല് വിദേശികള്‍ക്കുമാണ് പരുക്കേറ്റത്. സൗദിക്കെതിരെ ഹൂതികളും ഇറാഖി മിലിഷ്യകളും ഇറാന്റെ മേല്‍നോട്ടത്തില്‍ ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.

അതേസമയം, യെമനിലെ ഔദ്യോഗിക സര്‍ക്കാരിന്റെ സൈനിക ക്യാമ്പുകളിലേക്കും ഹൂതികളുടെ ആക്രമണം നടന്നു. യെമനിലെ മറീബ്, ഹദ്രാമൗദ്, റുവൈക്, അല്‍-അബര്‍, അല്‍ താനിയ എന്നിവിടങ്ങളിലാണ് ഹൂതികള്‍ ഡ്രോണ്‍ – ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ആക്രമണത്തെ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചിരുന്നു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘വഞ്ചനാപരമായ ആക്രമണം’ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയില്ല.

ആക്രമണത്തെ അപലപിച്ച് യെമനിലെ യുഎസ് എംബസി രംഗത്തെത്തി. ആക്രമണത്തില്‍ നിരവധി സൈനിക ക്യാമ്പുകളും സൈനികരുടെ താവളങ്ങളും ആയുധ-വെടിക്കോപ്പു ശേഖരങ്ങളും തകര്‍ത്തതായും ഹൂതികള്‍ അവകാശപ്പെട്ടു. കിഴക്കന്‍ യെമനിലെ നിരവധി സൈനിക വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. ആക്രമണത്തില്‍ ആളപായവും വസ്തുനാശവും ഉണ്ടായതായി നേരത്തെ എമര്‍ജന്‍സി ഫോഴ്‌സസ് അറിയിച്ചിരുന്നുവെങ്കിലും ഹൂതികളുടെ അവകാശവാദത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*