തൃഷയ്ക്ക് എതിരായ ദ്വയാർഥ പ്രയോഗത്തിൽ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. തഞ്ചാവൂർ സെങ്കപ്പട്ടി പൊലിസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. ഒന്നരമണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. മുതിർന്ന നേതാക്കളും നൂറ് കണക്കിന് ഡിഎംകെ പ്രവർത്തകരും സ്റ്റേഷന് മുന്നിൽ ഉദയനിധി പുറത്തിറങ്ങുന്നതും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
രാവിലെ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇന്ന് തന്നെ ഉദയനിധിയെ വിട്ടയയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധമായിരുന്നു ഉദയനിധിയുടെ അറസ്റ്റിൽ നടന്നത്. ഉദയനിധിയുമായി പോയ പൊലീസ് വാഹനം വണ്ടല്ലൂരിൽ ഡി എം കെ പ്രവർത്തകർ തടയുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. തിരുനെൽവേലിയിലും മയിലാടുതുറയിലും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മദ്രാസ് ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ ഡി എം കെ ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ആഘോഷം നടന്നു. ടിവികെയുടെ രാഷ്ട്രീയ നീക്കം ഹൈക്കോടതി പൊളിച്ചുവെന്ന് ഡി എം കെ നേതാവ് ആർ എസ് ഭാരതി പറഞ്ഞു.

Be the first to comment