നീണ്ടകരയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗൗതമിന്റെ അമ്മ രേഷ്മയേയും കുടുംബാംഗങ്ങളേയും അദ്ദേഹം കണ്ടു. തീര്‍ത്തും വേദനാജനകമായ സംഭവമെന്നും അദ്ദേഹം പ്രതികരിച്ചു.
സര്‍ക്കാരിനെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ഇക്കാര്യത്തിലുണ്ടാകുമെന്നും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് ഐജിയുമായിട്ട് സംസാരിച്ചു. തദ്ദേശവാസികളായ മത്സ്യ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ അന്വേഷണം. അന്വേഷണം തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡും നേവിയുമുണ്ട്. നേവിയുടെ സ്‌കൂബാ ഡൈവിംഗ് സംഘമുണ്ട്. കണ്ടെത്താനുള്ള പരമാവധി ശ്രമമാണിപ്പോള്‍ നടക്കുന്നത്. കോസ്റ്റല്‍ പൊലീസിന് ഉള്ളത് പരിമിതമായ സൗകര്യങ്ങളാണ്. എല്ലാം പരിഹരിക്കപ്പെടും. എന്തെങ്കിലും അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കും – അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സഹായങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. മണ്ഡലത്തിലെ എംഎല്‍എയുമായും സംസാരിച്ചു – അദ്ദേഹം പറഞ്ഞു.
അതേസമയം, മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഫിഷറീസ് മന്ത്രി. വിഷയത്തിലെ അടിയന്തര പ്രശ്ന പരിഹാരം ചര്‍ച്ചയാവും. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പത്താംദിനത്തെ തിരച്ചിലിലും നിരാശയാണ് ഫലം.
നാളെ 11 മണിക്ക് മന്ത്രിയുടെ ചേമ്പറില്‍ ആണ് യോഗം. യോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും.

Be the first to comment