ചൈനയെ തകര്‍ക്കുമെന്നും സാമ്പത്തികമായി ഒറ്റപ്പെടുത്തുമെന്നും നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനായി വാഷിംഗ്ടണില്‍ ഒരുക്കിയത് രാജകീയ വരവേല്‍പ്പാണ്. മൂന്ന് ദിവസത്തെ ചരിത്രപരമായ സന്ദര്‍ശനത്തിനായി ജോയിന്റ് ബേസ് ആന്‍ഡ്രൂസ് സൈനിക വിമാനത്താവളത്തിലിറങ്ങിയ ഷിയെ സ്വീകരിക്കാന്‍ ട്രംപ് നേരിട്ടെത്തുകയായിരുന്നു. ബി-1 ബോംബര്‍ വിമാനങ്ങളുടെ വ്യോമസേനാ ഫ്‌ളൈപാസ്റ്റും വന്‍ സൈനിക നിരയും അണിനിരത്തിയ ഈ നയതന്ത്ര ചടങ്ങ് കേവലം ഒരു സ്വീകരണം മാത്രമല്ല, മറിച്ച് ട്രംപിന്റെ വിദേശനയത്തിലുണ്ടായ വലിയൊരു തന്ത്രപരമായ മാറ്റത്തിന്റെ പ്രഖ്യാപനം കൂടിയാണ്.
വിദേശ ഭരണാധികാരികളെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിക്കുന്ന അപൂര്‍വ്വ രീതി ട്രംപ് പുറത്തെടുത്തത് ആഗോള രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഈ ചരിത്ര സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവിരാമം രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി അമേരിക്ക പ്രഖ്യാപിച്ചു. നവംബറില്‍ അവസാനിക്കേണ്ടിയിരുന്ന താത്കാലിക വ്യാപാര ധാരണ ജനുവരി പത്ത് വരെ നീട്ടിയതായി ട്രെഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റ് അറിയിച്ചതോടെ, വന്‍ സാമ്പത്തിക തര്‍ക്കങ്ങളില്‍ ആഗോള വിപണിക്ക് താല്‍ക്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഒരു ചൈനീസ് പ്രസിഡന്റ് വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നത് എന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ചൈനയും അമേരിക്കയും എതിരാളികളാകുന്നതിന് പകരം പങ്കാളികളാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വാഷിംഗ്ടണില്‍ എത്തിയ ശേഷം ഷി ജിന്‍പിങ് വ്യക്തമാക്കി.
മുമ്പ് ചൈനയ്‌ക്കെതിരെ കടുത്ത ആരോപണങ്ങള്‍ നടത്തുകയും സാമ്പത്തികമായി ചൈന മുന്നേറുന്നത് തടയാന്‍ താരിഫ് യുദ്ധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത ട്രംപ് പെട്ടെന്ന് ഒരു മലക്കംമറിച്ചില്‍ നടത്തിയത് കൃത്യമായ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ചൈനയ്ക്ക് മേല്‍ പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ വിപണിയില്‍ വന്‍ വിലക്കയറ്റത്തിനും അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യത്തിനും ഇടയാക്കുമെന്ന് ട്രംപ് മനസിലാക്കുന്നു. പ്രത്യേകിച്ച് സാങ്കേതിക മേഖലയിലും സൈനിക നിര്‍മ്മാണത്തിലും അത്യാവശ്യമായ റെയര്‍ എര്‍ത്ത് അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതിയില്‍ ചൈനയ്ക്കുള്ള ആധിപത്യം അമേരിക്കന്‍ കമ്പനികളെ വന്‍ പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തില്‍ ചൈനയുമായി ഏറ്റുമുട്ടലിന് മുതിരുന്നത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകും എന്ന തിരിച്ചറിവാണ് ട്രംപിനെ നയതന്ത്ര വഴികളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നത്.
അമേരിക്കയില്‍ വരാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പുകളും ട്രംപിന്റെ ഈ നിലപാട് മാറ്റത്തിന് പിന്നിലെ പ്രധാന ഘടകമാണ്. ചൈനയുമായുള്ള വ്യാപാര തര്‍ക്കം രൂക്ഷമായാല്‍ അമേരിക്കയിലെ കാര്‍ഷിക മേഖല തകരുകയും കൃഷി പ്രധാനമായ സംസ്ഥാനങ്ങളിലെ ട്രംപിന്റെ വോട്ട് ബാങ്കിന് വലിയ വിള്ളല്‍ വീഴുകയും ചെയ്യും. ചൈന അമേരിക്കന്‍ കാര്‍ഷിക വിളകള്‍ കൂടുതല്‍ വാങ്ങാമെന്ന് സമ്മതിക്കുന്നത് ഈ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സഹായിക്കും. കൂടാതെ താരിഫുകള്‍ കാരണം ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടഞ്ഞ് പ്രാദേശിക സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നത് വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ അത്യാവശ്യമാണെന്ന് ട്രംപിനറിയാം. താനൊരു സമര്‍ത്ഥനായ ഡീല്‍ മേക്കര്‍ ആണെന്ന് തെളിയിക്കുക എന്ന രാഷ്ട്രീയം കൂടിയ ഇതിനു പിന്നിലുണ്ട്.

Be the first to comment