വരുമാനത്തിന്റെ പകുതിയും തെരുവിന്റെ മക്കൾക്ക്: ഡൽഹിയിലെ നന്മമരമായി ഒരു ഡെലിവറി ബോയ്

ദിവസവും 12 മണിക്കൂറിലധികം ഡൽഹിയിലെ തിരക്കേറിയ തെരുവുകളിൽ ഭക്ഷണം എത്തിക്കുന്ന തിരക്കിലാണ് ആകാശ് സരോജ്. എന്നാൽ ഒരു സാധാരണ ഡെലിവറി ബോയിയുടെ ജോലിക്കപ്പുറം തനിക്ക് ലഭിക്കുന്ന ചെറിയ വരുമാനത്തിൽ നിന്നും വലിയൊരു പങ്ക് പാവപ്പെട്ടവർക്കായി നൽകി മനുഷ്യ സ്നേഹത്തിന്റെ അപൂർവ മാതൃകയാവുകയാണ് ഈ ഇരുപത്തിനാലുകാരൻ.

​തലസ്ഥാനത്തെ ഭൽസ്വ ചേരിപ്രദേശത്ത് താമസിക്കുന്ന ആകാശ് തനിക്ക് പ്രതിദിനം ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയിലധികവും ചെലവഴിക്കുന്നത് തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് ആശ്വാസമേകാനാണ്. മരിക്കുന്നതിന് മുൻപ് പിതാവിന് നൽകിയ വാക്ക് പാലിക്കാനാണ് ആകാശ് ഈ നന്മയുടെ വഴി തിരഞ്ഞെടുത്തത്.

​രണ്ടര വർഷമായി ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് ആകാശ്. ഇതിനുമുമ്പ് പാർട്ട് ടൈമായി ഡെലിവറി ജോലി ചെയ്യുന്നതിനൊപ്പം നൃത്തം അഭ്യസിക്കുകയും ഒരു പ്രൊഫഷണൽ കൊറിയോഗ്രാഫർ ആകാൻ സ്വപ്നം കാണുകയും ചെയ്തിരുന്നു. എന്നാൽ പിതാവിന്റെ പെട്ടെന്നുള്ള വിയോഗം ആകാശിന്റെ ജീവിതത്തെ മാറ്റിമറിച്ചു. പിതാവ് മരിക്കുമ്പോൾ മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. താൻ പണക്കാരനായാലും ഇല്ലെങ്കിലും സാധുക്കളെ സഹായിക്കണമെന്ന പിതാവിന്റെ അവസാന ആഗ്രഹമാണ് ആകാശിനെ ഈ വഴിയിലേക്ക് നയിച്ചത്.

​ദിവസേന ഒമ്പത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ജോലി ചെയ്ത് ഏകദേശം 600 രൂപയാണ് ആകാശിനു ശമ്പളമായി ലഭിക്കുന്നത്. ഇതിൽ 300 രൂപയോളം തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും വാങ്ങി നൽകാൻ ഉപയോഗിക്കുന്നു. തണുപ്പുകാലത്ത് തെരുവിൽ കഴിയുന്നവർക്ക് പുതപ്പുകൾ വിതരണം ചെയ്യാനും ഇദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.

​സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ ഈ പ്രവൃത്തികൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ നിരവധി പേരാണ് ആകാശിനെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഭക്ഷണം എത്തിച്ചു നൽകുന്ന വേളയിൽ ഉപഭോക്താക്കൾ തിരിച്ചറിഞ്ഞ് ഇദ്ദേഹത്തിന് പ്രത്യേക ടിപ്പുകൾ നൽകി പ്രോത്സാഹിപ്പിക്കാറുമുണ്ട്.

​തടസ്സങ്ങൾ ഏറെയുണ്ടെങ്കിലും നൃത്തമാണ് തന്റെ ആദ്യ പ്രണയമെന്ന് ആകാശ് ഓർക്കുന്നു. എങ്കിലും സഹജീവി സ്നേഹം പണത്തിന്റെ അളവുകോലിലല്ല മറിച്ച് നൽകാനുള്ള മനസ്സിലാണെന്ന് തെളിയിച്ചുകൊണ്ട് തന്റെ കൊച്ചു വരുമാനത്തിലും ഒരു നാടിന് മുഴുവൻ തണലാകുകയാണ് ഈ ചെറുപ്പക്കാരൻ.

Be the first to comment

Leave a Reply

Your email address will not be published.


*