ഇക്വഡോറിൽ വിശുദ്ധ കുർബാന ലൈവ് സ്ട്രീമിങ്ങിനിടെ കുരിശ് വീണു കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; തത്സമയം കണ്ടത് പതിനായിരങ്ങൾ

ഇക്വഡോറിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് വൈകുന്നേരത്തെ ദിവ്യബലി അർപ്പിച്ചുകൊണ്ടിരുന്ന റോമൻ കത്തോലിക്കാ വൈദികൻ, കനത്ത കുരിശ് ദേഹത്തുവീണ് മരണമടഞ്ഞു. ദിവ്യബലി തത്സമയം സാമൂഹിക മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെയാണ് ദാരുണമായ ഈ സംഭവം നടന്നത്.

തലസ്ഥാനമായ ക്വിറ്റോയിൽനിന്ന് ഏകദേശം 265 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരദേശ നഗരമായ ഗ്വായാക്വിലിലെ അതിരൂപതയാണ് മരണമടഞ്ഞ വൈദികനെ തിരിച്ചറിഞ്ഞത്. പെർപെത്വോ സൊക്കോറോ ദേവാലയത്തിലെ വൈദികനായ ഫാ. പാത്രിസിയോ സാഞ്ചസ് ആണ് മരണമടഞ്ഞത്.

ശനിയാഴ്ച രാത്രി നടന്ന ദിവ്യബലിയുടെ ദൃശ്യങ്ങളിൽ, അൾത്താരയ്ക്കു മുകളിലെ ചുവരിൽ സ്ഥാപിച്ചിരുന്ന കനത്ത കുരിശ് പെട്ടെന്ന് ഇളകി താഴേക്ക് പതിക്കുകയും ദിവ്യബലി അർപ്പിച്ചുകൊണ്ടിരുന്ന ഫാ. സാഞ്ചസിന്റെ തലയിൽ പതിക്കുകയും ചെയ്യുന്നത് കാണാം. കുരിശ് താഴേക്ക് പതിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ദൃശ്യങ്ങളിൽനിന്ന് മനസ്സിലാകുന്നത്. കുരിശ് വൈദികന്റെ ദേഹത്തുവീണതോടെ വിശ്വാസികൾ സഹായത്തിനായി നിലവിളിച്ചു. എന്നാൽ, ഈ ദാരുണ സംഭവത്തിനിടയിലും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തത്സമയ സംപ്രേഷണം തുടർന്നു. സംഭവത്തെക്കുറിച്ച് പ്രാദേശിക അധികാരികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

1732-ൽ സ്ഥാപിതമായ റോമൻ കത്തോലിക്കാ സന്യാസസമൂഹമായ അതിപരിശുദ്ധ വീണ്ടെടുപ്പുകാരുടെ സന്യാസസഭയിൽ അംഗമായിരുന്നു ഫാ. പാത്രിസിയോ സാഞ്ചസ്. ലോകത്തെ 80 രാജ്യങ്ങളിൽ ഈ സന്യാസസമൂഹത്തിന് സാന്നിധ്യമുണ്ട്. ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കെ സംഭവിച്ച ഈ ദാരുണ വിയോഗം ലോകമെമ്പാടുമുള്ള വിശ്വാസിസമൂഹത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*