റോം: ശ്വാസകോശ അർബുദം (Pulmonary Adenocarcinoma) സ്ഥിരീകരിച്ചതിനെ തുടർന്ന് ലിയോ പതിനാലാമൻ പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം റോമിലെ ജെമെല്ലി യൂനിവേഴ്സിറ്റി പോളിക്ലിനിക്കിൽ നടന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. പാപ്പ നിലവിൽ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്.
വീഡിയോ സഹായത്തോടെയുള്ള90 മിനിറ്റ് നീണ്ട തൊറാസിക് ശസ്ത്രക്രിയ (VATS) വഴി വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം പാപ്പ തന്റെ മുറിയിലേക്ക് മടങ്ങി; ആരോഗ്യനില തൃപ്തികരമാണ്.
ഒക്ടോബർ 20 വരെ പാപ്പയുടെ എല്ലാ ഔദ്യോഗിക പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് റോമിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അഗോസ്റ്റിനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഡോ. ലൂയിജി കാർബോണും പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറയും ചേർന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
“നിശ്ചയിച്ചിരുന്നതുപോലെ പരിശുദ്ധ പിതാവിന് തൊറാസിക് ശസ്ത്രക്രിയ നടത്തി. വീഡിയോ സഹായത്തോടെയുള്ള ശസ്ത്രക്രിയാ രീതിയിലൂടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തു,” ഡോക്ടർമാർ പ്രസ്താവനയിലൂടെ അറിയിച്ചു.
നീക്കം ചെയ്ത ശ്വാസകോശഭാഗം നടത്തിയ തുടർ പരിശോധനയിലാണ് പൾമണറി അഡിനോകാർസിനോമയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 71 കാരനായ പാപ്പ, തനിക്ക് ശ്വാസകോശത്തിൽ ഒരു ചെറിയ മുഴ (നോഡ്യൂൾ) കണ്ടെത്തിയ വിവരം കഴിഞ്ഞ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളോട് സ്വയം വെളിപ്പെടുത്തിയിരുന്നു. വളർച്ച വളരെ നേരത്തേ തന്നെ കണ്ടെത്താനായതും അത് പരിമിതമായ നിലയിലായിരുന്നതും വലിയൊരു ആശ്വാസമായാണ് വൈദ്യസംഘം വിലയിരുത്തുന്നത്.
വത്തിക്കാനിലെ പ്രാർത്ഥനകളും പ്രതികരണങ്ങളും
പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നെങ്കിലും, ശസ്ത്രക്രിയയെക്കുറിച്ച് അദ്ദേഹം പ്രകടിപ്പിച്ച അസാധാരണമായ ശാന്തത എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെട്രോ പരോളിൻ വ്യക്തമാക്കി.
“ഈ ശസ്ത്രക്രിയയെക്കുറിച്ച് പാപ്പ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ ശാന്തത ഞങ്ങളെയെല്ലാം ആഴത്തിൽ സ്പർശിച്ചു. ദൈവത്തിന് നന്ദി, ഇത് ഉടൻതന്നെ കണ്ടെത്താനായി,” കർദിനാൾ പരോളിൻ ഇറ്റാലിയൻ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയിൽ നിന്നുള്ള ആദ്യ പാപ്പയുടെ ശസ്ത്രക്രിയാവാർത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളിൽ നിന്നും വിവിധ രാഷ്ട്രത്തലവൻമാരിൽ നിന്നും ആശംസകളും പ്രാർത്ഥനകളും പ്രവഹിക്കുകയാണ്. പാപ്പ ആശുപത്രിയിൽ കഴിയുന്ന ദിവസങ്ങളിൽ വത്തിക്കാന്റെ ദൈനംദിന ഭരണകാര്യങ്ങൾ പ്രത്യേക സംഘം തുടർന്നുനടത്തും.
പരിശുദ്ധ പിതാവ് പോപ്പ് ലിയോ പതിനാലാമന് പൂർണമായ രോഗമുക്തിയും ശക്തിയും സമാധാനവും ലഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.

Be the first to comment