ബെയ്ജിങ്: ചൂട് കാരണം പൊറുതിമുട്ടുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. വേനല്‍ക്കാലത്ത് കെട്ടിടങ്ങളുടെ ചുവരുകളിലെ ചൂട് 25 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ കഴിയുന്ന പുതിയ സൂപ്പര്‍ കോട്ടിങ് പെയിന്റ് ചൈന വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റേഡിയേറ്റീവ് കൂളിങ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് കോട്ടിങ് പെയിന്റ് പ്രവര്‍ത്തിക്കുന്നത്. ഇതിന് വൈദ്യുതിയോ പ്രത്യേക കൂളിങ് ഏജന്റുകളോ ആവശ്യമില്ല. ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ‘സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്ലി’യുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ കോട്ടിങ്ങിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനവും ആരംഭിച്ചിട്ടുണ്ട്.
തെക്കന്‍ ചൈനയിലെ ഹൈനാന്‍ പ്രവിശ്യയിലെ പെട്രോകെമിക്കല്‍ പ്ലാന്റിലെ യഥാര്‍ഥ സാഹചര്യങ്ങളില്‍ ആറുമാസത്തോളം നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കോട്ടിങ്ങിന്റെ വന്‍തോതിലുള്ള ഉല്‍പാദനത്തിലേക്ക് കടക്കുന്നത്. സൂര്യപ്രകാശത്തില്‍ നിന്നുള്ള ചൂട് ആഗിരണം ചെയ്യുന്നതിന് പകരം താപം പുറത്തേക്ക് വികിരണം ചെയ്യുന്നതാണ് റേഡിയേറ്റീവ് കൂളിങ് രീതിയുടെ അടിസ്ഥാനം. ഇതുവഴി കെട്ടിടങ്ങളുടെ ചുവരുകള്‍ക്കകത്തെ താപനില ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
വീടുകള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. ചുവരുകളിലെ ചൂട് കുറയ്ക്കുന്നതിലൂടെ കെട്ടിടത്തിനുള്ളിലെ താപനിലയും കുറയുമെന്നതിനാല്‍ എയര്‍ കണ്ടീഷനിങ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ഇത് സഹായിക്കും. ചൂട് കൂടുന്ന സാഹചര്യത്തില്‍ കെട്ടിടങ്ങളെ തണുപ്പിക്കാന്‍ വൈദ്യുതി ചെലവില്ലാത്ത മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ‘കൂള്‍ വാള്‍’ സാങ്കേതികവിദ്യകള്‍ ശ്രദ്ധ നേടുന്നത്.

Be the first to comment