ഇൻഡിഗോ വിമാന സർവീസിൽ ശിശുക്കളുടെ യാത്രാ നിരക്ക് കുത്തനെ വർധിപ്പിച്ചു. വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് നേരിട്ട് വാങ്ങുമ്പോഴുള്ള നിരക്ക് 2,500-ൽ നിന്ന് 3,000 രൂപയായാണ് ഉയർന്നത്. പ്രീ-ബുക്കിങ് നിരക്ക് 2,000-ൽ നിന്ന് 2,250 രൂപയായും വർധിപ്പിച്ചു.
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ നിരക്കുകൾ പ്രധാനമായും ബാധകമാകുന്നത്. ഇവർക്ക് പ്രത്യേക സീറ്റ് ലഭിക്കില്ലെങ്കിലും യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ഏകദേശം 10 ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളുടെ യാത്രയെ ഈ നിരക്ക് വർധന ബാധിക്കുമെന്നാണ് നിഗമനം.
മുതിർന്നവരുടെ സംരക്ഷണമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്കായുള്ള ഫീസും കമ്പനി വർധിപ്പിച്ചിട്ടുണ്ട്. ഈ ഫീസ് 5,000-ൽ നിന്ന് 5,999 രൂപയാക്കിയാണ് വർധിപ്പിച്ചത്. എയർലൈൻ്റെ ബാധകമായ ചട്ടങ്ങൾക്കനുസൃതമായാണ് ഈ സേവനം നൽകുന്നത്. കൂടാതെ കുട്ടികളുടെ ഒറ്റയ്ക്കുള്ള അന്താരാഷ്ട്ര യാത്രകളുടെ നിരക്ക് 12,999 രൂപയായും ഉയർത്തിയിട്ടുണ്ട്. ഈ നിരക്ക് വർധനവുകളിലൂടെ 90 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ഇൻഡിഗോയുടെ വിലയിരുത്തൽ.
ടിക്കറ്റ് നിരക്കിന് പുറമെ മറ്റ് സേവനങ്ങൾക്കുമുള്ള ഫീസ് കമ്പനി ഉയർത്തി. അധിക ബാഗേജ് നിരക്ക് കിലോഗ്രാമിന് 700 രൂപയിൽ നിന്ന് 800 രൂപയായി വർധിപ്പിച്ചു. പ്രയോറിറ്റി ചെക്ക്-ഇൻ, ബോർഡിങ് എന്നിവയ്ക്കുള്ള നിരക്ക് 450-ൽ നിന്ന് 650 രൂപയാക്കി.
ട്രാവൽ സർട്ടിഫിക്കറ്റ് ഫീസ് 200-ൽ നിന്ന് 300 രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. ഉയർന്ന വിമാന ഇന്ധന വിലയാണ് നിലവിലെ നിരക്ക് വർധനവിന് കാരണമെന്നാണ് വിമാന കമ്പനികൾ നൽകുന്ന വിശദീകരണം. മറ്റ് വിമാന കമ്പനികളും സമാനമായ രീതിയിൽ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.

Be the first to comment