‘ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല’; കാസര്‍ഗോഡ് ക്വിസ് വിവാദത്തില്‍ കെ സുരേന്ദ്രന്‍

കാസര്‍ഗോഡ് എല്‍പി വിദ്യാര്‍ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലി തയാറാക്കിയ അധ്യാപകനെതിരെ നടപടിയെടുത്തതില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. ഗുരുപ്രസാദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സുരന്ദ്രേന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് വി. ഡി. സവര്‍ക്കര്‍ ആണെന്നുള്ളത് ചരിത്രവസ്തുതയാണെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. വീരസവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ദീര്‍ഘകാലം അദ്ദേഹം ജയിലില്‍ കിടന്നിരുന്നു എന്ന കാര്യവും ആരും നിഷേധിക്കുന്നില്ല. ആകെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസും ഇടത് ജിഹാദികളും ഉന്നയിച്ച ആക്ഷേപം അദ്ദേഹം ജയിലില്‍ നിന്നിറങ്ങാന്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നതു മാത്രമാണ്. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ അടുത്തകാലത്ത് ഈ വിഷയത്തില്‍ പറഞ്ഞത് ജയില്‍ പുള്ളികളും ജാമ്യം തേടുന്നവരും സാധാരണ സ്വീകരിക്കുന്ന നടപടിക്രമം മാത്രമാണ് അതെന്നുള്ളതാണ്. എന്തായാലും അദ്ദേഹത്തിനുമേല്‍ ചാര്‍ത്തപ്പെട്ട മാപ്പപേക്ഷ ഇപ്പോഴും തര്‍ക്കവിഷയമാണ്. അതെന്തായാലും അദ്ദേഹം ഒരായുസുമുഴുവന്‍ ജയിലില്‍ കിടന്നു എന്നതും കിടന്നത് മോഷണക്കുറ്റത്തിനല്ലെന്നതും ആര്‍ക്കും നിഷേധിക്കാനാവാത്ത ചരിത്ര വസ്തുതയാണ് – സുരേന്ദ്രന്‍ കുറിച്ചു.

ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു.. ഏതു കോടതിയിലും അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനാവും. ശമ്പളവും മറ്റാനുകൂല്യങ്ങളും പലിശ സഹിതം അദ്ദേഹത്തിന് കിട്ടും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് അദ്ദേഹത്തിന് എല്ലാ സഹായങ്ങളും ഞങ്ങള്‍ ചെയ്യും. വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍ തോറ്റു തുന്നം പാടും. കാത്തിരുന്ന് കാണാം – സുരേന്ദ്രന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*