പാലത്തായി പോക്സോ കേസ്: ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിയുടെ ഭാഗം പ്രസക്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറുന്നൂറോളം വിദ്യാര്‍ത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്‌ തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിച്ചത്. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. എൽഡിഎഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണ്. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ ആകില്ല എന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*