ട്രംപിന്റെ 25% താരിഫ് ഭീഷണി: ഇറാന്റെ വ്യാപാര പങ്കാളികളെ തടയാന്‍ കഴിയുമോ? ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയിലേക്ക് നടത്തുന്ന എല്ലാവിധ ബിസിനസുകള്‍ക്കും 25 ശതമാനം താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. ട്രംപിന്റെ പ്രഖ്യാപനം ഉടനടി പ്രാബല്യത്തില്‍ വരും എന്നും, ഇതു അന്തിമവും സമഗ്രവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്ന ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ട്രംപ് ഈ നീക്കം നടത്തിയിരിക്കുന്നത്. അമേരിക്കയുടെ ഈ പുതിയ താരിഫ് ഭീഷണി ആഗോള വ്യാപാര മേഖലയില്‍ കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ചൈന, യുഎഇ, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് ഇറാന്റെ പ്രധാന വ്യാപാര പങ്കാളികള്‍. ഇറാനില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ചൈനയെയാണ് ഈ തീരുമാനം ഏറ്റവും അധികം ബാധിക്കുക. യുഎസും ചൈനയും തമ്മില്‍ അടുത്തിടെയുണ്ടായ വ്യാപാര തര്‍ക്ക പരിഹാര ധാരണകളെയും ഈ നീക്കം പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇറാനുമായി വ്യാപാര ബന്ധമുള്ള ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശം 1.68 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയില്‍ നിന്ന് പ്രധാനമായും ബാസ്മതി അരി, തേയില, പഞ്ചസാര, മരുന്നുകള്‍ എന്നിവ ഇറാനിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍, രാസവസ്തുക്കളും ഉണങ്ങിയ പഴവര്‍ഗങ്ങളുമാണ് തിരികെ ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഇതിനകം തന്നെ ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ചുമത്തിയിട്ടുള്ളതിനാല്‍, പുതിയ 25 ശതമാനം താരിഫ് കൂടി വരുന്നത് ഇന്ത്യന്‍ കയറ്റുമതിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളെ ഇത് ദോഷകരമായി ബാധിച്ചേക്കാം.

വ്യാപാര മേഖലയിലെ പ്രത്യാഘാതങ്ങള്‍ക്ക് പുറമെ, ഇറാന്റെ തെക്കുകിഴക്കന്‍ തീരത്തുള്ള ചാബഹാര്‍ തുറമുഖ വികസനത്തില്‍ ഇന്ത്യ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയ്ക്ക് പ്രവേശനം സാധ്യമാക്കുന്ന തന്ത്രപ്രധാനമായ പദ്ധതിയാണിത്. അമേരിക്കയുടെ ഉപരോധങ്ങളില്‍ നിന്ന് ചാബഹാര്‍ തുറമുഖത്തിന് മുമ്പ് ഇളവുകള്‍ ലഭിച്ചിരുന്നുവെങ്കിലും, പുതിയ താരിഫ് നയം വരുംദിവസങ്ങളില്‍ ഈ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെയും ബാധിച്ചേക്കാം.

അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ നയതന്ത്ര ബന്ധവും, മിഡില്‍ ഈസ്റ്റിലെ സ്വന്തം വാണിജ്യ-മേഖലാ താല്പര്യങ്ങളും ഒരുപോലെ സന്തുലിതമായി കൊണ്ടുപോകേണ്ട വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. വരും ദിവസങ്ങളില്‍ അമേരിക്ക ഈ നയം പ്രായോഗികമായി എങ്ങനെ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ആഗോള സാമ്പത്തിക രംഗത്തെയും ഇന്ത്യയുടെ നിലപാടിനെയും ബാധിക്കുന്ന കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുക.

Be the first to comment

Leave a Reply

Your email address will not be published.


*