കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസാണ് പത്തുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

റവന്യു രേഖകളിൽ നിലം എന്ന പേരിൽകിടന്ന ഭൂമി വിൽപ്പനയ്ക്ക് ശ്രമിച്ചതോടെയാണ് ഉദ്യോ​ഗസ്ഥർക്ക് അഴിമതിക്ക് കളം ഒരുങ്ങിയത്. കാലങ്ങളായി പുരയിടത്തിന് കരം അടച്ചിരുന്ന ഭൂമി രേഖകളിൽ നിലമാണെന്ന് തെളിഞ്ഞതോടെ വ്യാജ പരാതിയുമായി ഉദ്യോ​ഗസ്ഥരുടെ ഏജന്റുമാർ എത്തി. ഔദ്യോ​ഗിക നടപടിക്ക് പകരം പരാതിക്കാരെ കണ്ട് പരിഹാരം കാണാൻ ഉദ്യോ​ഗസ്ഥർ നി‍ർദേശിച്ചതോടെയാണ് സംശയം ഉയർന്നത്. ഏജന്റുമാർ 10 ലക്ഷം ആവശ്യപ്പെട്ടതോടെ ഭൂ ഉടമകൾ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

കണ്ണൻ എന്ന രാജേഷും, ഷിബിനും പരാതിക്കാർ എന്ന രീതിയിൽ പണം കൈപ്പറ്റി. 2 ലക്ഷം പണമായും, 8 ലക്ഷം ചെക്കായും വാങ്ങിയതിന് പിന്നാലെ വിജിലൻസ് പിടികൂടി. ഇവരിൽ നിന്നാണ് കണയന്നൂർ താലൂക്കിലെ ലാൻഡ് റവന്യൂ തഹസിൽദാർ ജോസഫ് ആന്റണി ഹെറിറ്റസിലേയ്ക്ക് പിടിവീഴുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെങ്കിലും കുറ്റകൃത്യത്തിൽ കൂടുതൽ ഉദ്യോ​ഗസ്ഥർക്ക് പങ്കുണ്ടെന്നാണ് വിവരം. സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*