മല്ലപ്പള്ളിയിൽ പൊലീസിനെതിരെ ഭീഷണി പ്രസംഗം നടത്തിയ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനുവിന് എതിരെ കേസ്. പത്തനംതിട്ട കാട്ടാമലയിൽ പൊലീസ് പരിശോധനക്കെതിരെയാണ് ഉദയഭാനു വിവാദ പ്രസംഗം നടത്തിയത്. അർജുൻ ആയങ്കിയ്ക്ക് വേണ്ടി പൊലീസ് കാട്ടാമലയിൽ പരിശോധന നടത്തിയിരുന്നു. സിപിഐഎം കീഴ് വായ്പൂർ പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ചിനിടെയാണ് ഉദയഭാനുവിൻ്റെ ഭീഷണി പ്രസംഗം. പൊലീസുകാർക്കും അമ്മ പെങ്ങൻമാരുണ്ടല്ലോ, ഞങ്ങൾ കൈകാര്യം ചെയ്തോളാമെന്നായിരുന്നു പ്രസംഗം.
അതേസമയം, അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. മൂന്ന് ദിവസത്തേക്കായിരുന്നു അർജുനെ കണ്ണൂർ സൈബർ ക്രൈം പൊലീസിന് കോടതി കസ്റ്റഡിയിൽ നൽകിയത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം താൻ തനിച്ചാണ് ചെയ്തത് എന്ന് അർജുൻ പൊലീസിന് മൊഴി നൽകിയിരുന്നു. രണ്ട് ദിവസം ഒളിവിൽ കഴിഞ്ഞ ലോഡ്ജിലും, സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച ഇടങ്ങളിലും പിടിയിലാകുന്നതിന് മുൻപ് എത്തിയ അഭിഭാഷകയുടെ അപാർട്ട്മെന്റിലും അർജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഐ ഫോണും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. സി ഐ എ ഭീഷണിപ്പെടുത്തിയ കേസിൽ എറണാകുളം ഊന്നുകൽ പൊലീസ് ഇന്ന് അർജുനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

Be the first to comment