എഫ്‌സിആര്‍എ ബില്‍ കേന്ദ്ര സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടേക്കും

ഡല്‍ഹി: എഫ്‌സിആര്‍എ ബില്‍ കേന്ദ്ര സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച പ്രമേയം നാളെ അവതരിപ്പിക്കാനാണ് സാധ്യത. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് കേന്ദ്രത്തിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. വിദേശത്തുനിന്നുള്ള ഫണ്ട് സ്വീകരിക്കാനും ഇത് ദുരുപയോഗം ചെയ്യുന്നത് തടയാനും ഉദ്ദേശിച്ചാണ് ബില്‍ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്.

പ്രതിപക്ഷത്തിന്റെയും ക്രിസ്ത്യന്‍ സംഘടനകളുടെയും എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് നീക്കം. ഈ ബില്‍ മതന്യൂനപക്ഷങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് തുടക്കം മുതല്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. വിദേശഫണ്ട് സ്വീകരിച്ച് ഇത് മതപരിവര്‍ത്തനത്തിനായി ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്തെങ്കിലും കാരണവശാല്‍ ഒരു സ്ഥാപനത്തിന്റെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ അവരുടെ ആസ്തിയും വിദേശപണവും ഉള്‍പ്പെടെ നോക്കി നടത്താന്‍ ഒരു അതോരിറ്റിയെ നിയമിക്കും എന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്‍പ്പെട്ടത്. ഇതാണ് ന്യൂനപക്ഷ സംഘടനകള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്ക് കാരണമായിരുന്നത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് ബില്ലിനെതിരെ ശക്തമായ വിമര്‍ശനം പാര്‍ലമെന്റിന് അകത്തും പുറത്തും ഉയര്‍ത്തിയത്. ഇതിന് പിന്നാലെ നിയമം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*