സമാധാനമില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ല; ഗള്‍ഫിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് അന്‍വര്‍ ഗര്‍ഗാഷ്

ഗള്‍ഫ് മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്. സമാധാനമില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാനായി ചാരപ്പണി നടത്തിയ അഞ്ചു പേര്‍ക്ക് ബഹ്റൈനില്‍ തടവ് ശിക്ഷ ലഭിച്ചു.

ഇറാന്‍ അമേരിക്ക വാക്ക് പോരിനൊപ്പം തന്നെ ഗള്‍ഫ് മേഖലയിലെ അസ്ഥിരതയും തുടരുകയാണ്. വിവിധ മേഖലകള്‍ പഴയ പടി മുന്നോട്ട് പോകുന്നുണ്ടെങ്കിലും യുദ്ധ ഭീതി കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രതികരണം.മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും യുദ്ധവുമല്ല എന്നാല്‍ സമാധാനവുമല്ല എന്ന അവസ്ഥയില്‍ തുടരാനാവില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.അന്താരാഷ്ട്ര നിയമങ്ങള്‍, സമാധാനപരമായ സഹവര്‍ത്തിത്വം, പരമാധികാരത്തോടുള്ള ആദരവ്, സമാധാനത്തിന്റെ ആവശ്യകത എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഈ ഘട്ടം തുറന്ന് കൊണ്ടുപോകാന്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കൂടുതല്‍ വ്യക്തതയുള്ളതും സുസ്ഥിരമായതുമായ ഒരു ഘട്ടത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യമെന്നും അന്‍വര്‍ ഗാര്‍ഗാഷ് പറയുന്നു.

അതേസമയം ഒമാന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. ഒമാന്‍ ഇറാന്‍ ചര്‍ച്ചക്ക് പുരോഗതിയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.അതിനിടെ ഇറാന് വേണ്ടി പ്രവര്‍ത്തിച്ച അഞ്ചുപേര്‍ക്ക് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തടവു ശിക്ഷ നല്‍കി. രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവാണ് നല്‍കിയത്. മൂന്ന് പേര്‍ 10 വര്‍ഷം ജയിലില്‍ കിടക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*