കണ്ണൂര്‍: പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജന് ജാമ്യം ലഭിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ഒത്തുകളിയുടെ ഭാഗമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് പൊലീസ് കുറ്റുമറ്റ രീതിയില്‍ അന്വേഷിച്ച് തെളിവുകള്‍ സഹിതം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് കടുത്തശിക്ഷതന്നെ കോടതി നല്‍കിയതായിരുന്നു. എന്നിട്ടും ഇപ്പോള്‍ ഭരണമാറ്റമുണ്ടായി, യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളിലാണ് ആര്‍എസ്എസ് നേതാവായ പ്രതിക്ക് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചിരിക്കുന്നത് – അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് നയം പിന്തുടരുന്ന സര്‍ക്കാര്‍ ഇടപെടലില്ലാതെ പ്രൊസിക്യൂഷന്‍ ഇത്രയും പ്രമാദമായ ഒരു കേസിനെ ലാഘവ ബുദ്ധിയോടെ സമീപിക്കില്ല എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്തില്‍നിന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഒഴിഞ്ഞുമാറാനാകില്ല. നേരത്തെ ഇക്കാര്യത്തില്‍ സിപിഐഎമ്മിനും അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാറിനുമെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി തെറ്റിദ്ധാരണപരത്തുന്ന വാര്‍ത്തകളും നട്ടാല്‍കുരുക്കാത്ത നുണകളും പ്രചരിപ്പിക്കുകയുംചെയ്ത മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഇക്കാര്യത്തില്‍ എന്ത് മറുപടിയാണ് പറയാനുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.
കേസില്‍ പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ച കോടതി ജാമ്യവും അനുവദിച്ചിരുന്നു.

Be the first to comment