തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളോട് പാകിസ്താനിലേക്ക് പോകൂവെന്ന പരാമർശത്തെ ന്യായീകരിച്ച് തൃശൂർ മാള രാജു ഡേവിസ് ഇന്റർനാഷണൽ ആൻഡ് സൈനിക് സ്കൂൾ ഉടമ ഡോക്ടർ രാജു ഡേവിസ്. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ വരാത്ത കുട്ടികളോട് ശത്രു രാജ്യത്തിലേക്ക് പോകാനാണ് പറഞ്ഞത്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നെന്നാണ് പ്രതികരണം. വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സ്കൂൾ ഉടമ വിവാദ പരാമർശം പങ്കുവെച്ചത്
പരാമർശം ഏതെങ്കിലും മത വിഭാഗത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. 1947 മുതൽ പാകിസ്താൻ ഇന്ത്യയുടെ ശത്രു രാജ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പങ്കെടുക്കാത്തവർ ശത്രു രാജ്യത്തിലേക്ക് പോകുന്നതാണ് നല്ലത് എന്നാണ് സൂചിപ്പിച്ചതെന്ന് രാജു ഡേവിസ് പറയുന്നു. വൃത്തിക്കെട്ട മനസിനുടമകളാണ് ഇത്തരത്തിൽ വിവാദം ഉണ്ടാക്കുന്നതെന്നും അദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ വീട്ടിലിരുന്നവർ പാക്കിസ്താനിലേക്ക് പോകണമെന്നായിരുന്നു സ്കൂൾ ഉടമയുടെ പരാമർശം.
സ്കൂളിലെ ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ എത്താത്ത വരെ ക്ലാസിൽ കയറ്റില്ല. അവധി ദിനം സ്കൂളിലെത്താത്തവർ വിശദീകരണം നൽകണമെന്നും സ്കൂൾ ഉടമയായ ഡോ. രാജു ഡേവിസ് വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ സ്കൂളിൽ എത്തിക്കാൽ പലഭാഗത്തേക്കും സ്കൂൾ ബസ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ പകുതി രക്ഷിതാക്കളും കുട്ടികളെ സ്കൂളിലേക്ക് അയച്ചില്ല. തുടർന്നാണ് സ്കൂൾ ഉടമ വിവാദ സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്.

Be the first to comment