പ്രതിപക്ഷ ഉപനേതൃസ്ഥാനം; ‘കീഴ്‌വഴക്കം തുടരണമെന്ന വാദം മാറ്റങ്ങളെ അംഗീകരിക്കാനുള്ള വൈമുഖ്യമായേ വിലയിരുത്താനാകൂ’; രാജാജി മാത്യു തോമസ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടതിന് സിപിഐഎം ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ അനിവാര്യമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം രാജാജി മാത്യു തോമസ് വ്യക്തമാക്കി. വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കാത്തത് സിപിഐഎം ആവശ്യപ്പെട്ടത് പ്രകാരമെന്നാണ് ജനയുഗത്തില്‍ ലേഖനം. എല്‍ഡിഎഫിന്റെ തുടക്കം മുതല്‍ ഇന്നോളം പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഐഎമ്മില്‍ നിക്ഷിപ്തമായിരുന്നുവെന്നും ആ കീഴ്‌വഴക്കം അഭംഗുരം തുടരണമെന്നുമുള്ള വാദം സംസ്ഥാനത്തും രാജ്യത്തുമുണ്ടായ മാറ്റങ്ങളെ കണക്കിലെടുക്കാനോ അംഗീകരിക്കാനോ ഉള്ള വൈമുഖ്യമായേ വിലയിരുത്താനാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ നടക്കുന്ന രാഷ്ട്രീയ സംവാദം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയെ സംബന്ധിച്ച ഒന്നായി നോക്കിക്കാണാനാണ് സിപിഐ ആഗ്രഹിക്കുന്നതെന്ന് ലേഖനത്തില്‍ അദ്ദേഹം പറയുന്നു. അതിന് സംസ്ഥാന എല്‍ഡിഎഫില്‍ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും അനിവാര്യമാണ്. ആ സാഹചര്യങ്ങളെപ്പറ്റിയും തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച നേതൃപരമായ പോരായ്മകളെപ്പറ്റിയുമെല്ലാം സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോര്‍ട്ട് വിശദമായി പരാമര്‍ശിക്കുന്നുണ്ട് – അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാര്യകാരണങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ യുക്തിഭദ്രമായി വിലയിരുത്തി മുന്നണിരാഷ്ട്രീയത്തെ ജനകീയ ആവശ്യവും അനിവാര്യതയുമാക്കി എങ്ങനെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാമെന്നതാണ് തിരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് സിപിഐ, സിപിഐഎം അടക്കം മുന്നണിയിലെ ഘടകകക്ഷികള്‍ സ്വന്തം നിലയിലും കൂട്ടായും ചിന്തിച്ചുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം ഒരു ചിന്തയില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന ആശയഗതികളില്‍ പ്രധാനമാണ് മുന്നണിയുടെ സംഘടനാ സംവിധാനത്തില്‍ കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവും എന്നത്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐ സംസ്ഥാന നേതൃത്വം പ്രതിപക്ഷ ഉപനേതാവ് എന്ന ആവശ്യം ഉഭയകക്ഷി കൂടിയാലോചനകളില്‍ ഉന്നയിച്ചത് – അദ്ദേഹം വിശദമാക്കി.

സിപിഐഎം നേതൃത്വം ആ വിഷയം ഉഭയകക്ഷി ചര്‍ച്ചകളില്‍ ഒതുക്കണമെന്നും മുന്നണിയോഗത്തില്‍ ഉന്നയിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടത് സിപിഐ അംഗീകരിക്കുകയും മുന്നണിവേദിയില്‍ അതേപ്പറ്റി പരാമര്‍ശിക്കാതിരിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, സജീവവും അന്വേഷണാത്മകവുമായ മാധ്യമ സംസ്‌കാരം നിലനില്‍ക്കുന്ന കേരളത്തില്‍ അത്തരം വിഷയങ്ങള്‍ എക്കാലത്തേക്കും രഹസ്യമായി സൂക്ഷിക്കുക അസാ ധ്യമാണ്. അതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാതിരിക്കാനും കഴിയില്ല. അതാണ് ഒരു ഉഭയകക്ഷി വിഷയത്തെ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ഇടയായ സാഹചര്യം. അങ്ങനെ വരുമ്പോള്‍ സിപിഐ തങ്ങളുടെ നിലപാട് അര്‍ത്ഥശങ്കയ്ക്ക് ഇട മില്ലാത്തവിധം വ്യക്തമാക്കാന്‍ നിര്‍ബന്ധിതവുമാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*