വീട് വിട്ടിറങ്ങിയ 45കാരിയുടെ കുടുംബത്തെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കണ്ടെത്തി; സംഭവം മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയില്‍ വീട് വിട്ടിറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന 45കാരിയെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ കുടുംബത്തിനൊപ്പം ഒന്നിപ്പിച്ച് സാമൂഹിക പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ ഒരു എന്‍ജിഒയിലെ പ്രവര്‍ത്തകരാണ് രണ്ടര വര്‍ഷത്തിന് ശേഷം യുവതിയെ ഭര്‍ത്താവിന്റെ കൈകളില്‍ സുരക്ഷിതമായ ഏല്‍പ്പിച്ചത്. സിന്ധുദുര്‍ഗിലെ സാന്‍വിത ആശ്രമത്തിലാണ് ജുലേഖ മുഷീദ് ഷെയ്ഖ് എന്ന യുവതി കഴിഞ്ഞിരുന്നത്. ജീവന്‍ ആനന്ദ് സന്‍സ്ത എന്ന എന്‍ജിഒ ട്രസ്റ്റി കിഷന്‍ ശൗരേയും സംഘവും ചേര്‍ന്നാണ് ഇവരുടെ കുടുംബത്തെ കുറിച്ച് അന്വേഷണം നടത്തിയത്.

2024 ഏപ്രില്‍ മൂന്ന് മുതല്‍ ജുലേഖ മുഷീദ് ഷെയ്ഖ് ആശ്രമത്തില്‍ കഴിഞ്ഞ് വരികയായിരുന്നു. വീട് വിട്ടിറങ്ങി അലഞ്ഞ് തിരിഞ്ഞ ഇവരെ കൊളാബാ പൊലീസിന്റെ അപേക്ഷ പ്രകാരം മുംബൈ കുര്‍ളയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ആശ്രമത്തില്‍ താമസിപ്പിക്കാനായി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ഇവരുടെ കുടുംബത്തെ കണ്ടെത്താനായി ശ്രമം ആരംഭിച്ചത്. നിരന്തരം ഷെയ്ഖുമായി സംസാരിച്ചാണ് അവരുടെ പശ്ചാത്തലത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഡിജിറ്റല്‍ ഉപകരണങ്ങളായ ഗൂഗിള്‍ സെര്‍ച്ച്, ചാറ്റ്ജിപിടി എന്നിവ ഉപയോഗിച്ച് പാര്‍ഭാനി ജില്ലയിലെ ഇവരുടെ സ്വന്തം സ്ഥലം കണ്ടെത്തി.

പിന്നാലെ പാര്‍ഭാനിയിലെ നിര്‍ഭയ പൊലീസ് സ്‌ക്വാഡിന്റെ സഹായത്തോടെ ബന്ധുക്കളെ ബന്ധപ്പെടുകയായിരുന്നു. ഇതോടെ ഫോണില്‍ ഭര്‍ത്താവ് മുഖീത് ഷെയ്ഖുമായി യുവതി സംസാരിച്ചു. തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 9ന് ഭര്‍ത്താവ് എത്തി ജുലേഖ മുഖീത് ഷെയ്ഖിനെ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഉണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*