ആപ്പിളിൻ്റെ മുൻ മേധാവിയായ ടിം കുക്ക് സിഇഒ സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള വാർത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലാകെ ടെക് ലോകത്ത് നിറഞ്ഞുനിന്നിരുന്നത്. സമൂഹമാധ്യമങ്ങളിലുടനീളം ടിം കുക്കിൻ്റെ വിടവാങ്ങലും പുതിയ മേധാവി ജോൺ ടെർനസിൻ്റെ സ്ഥാനാരോഹണത്തെക്കുറിച്ചുമായിരുന്നു ചർച്ചകൾ. എന്നാൽ, ആപ്പിളിൽ നിന്ന് ഇപ്പോൾ മറ്റൊരു പ്രമുഖ വ്യക്തിത്വം കൂടി തൻ്റെ സുപ്രധാന സ്ഥാനങ്ങളിൽ നിന്ന് ഒഴിയുകയാണ്. മറ്റാരുമല്ല, അത് ഫിൽ ഷില്ലറാണ്.
പുതിയ സിഇഒ ആയി ജോൺ ടെർനസ് ഔദ്യോഗികമായി ചുമതലയേറ്റ സെപ്റ്റംബർ ഒന്നിന് (ചൊവ്വാഴ്ച) തന്നെയാണ് ഫിൽ ഷില്ലറുടെ ഈ പടിയിറക്കവും പ്രഖ്യാപിക്കപ്പെട്ടത്. ആപ്പിളിലെ ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഫിൽ ഷില്ലർ. ആപ്പ് സ്റ്റോറിൻ്റെയും ആപ്പിൾ പ്രൊഡക്‌ട് ഇവൻ്റുകളുടെയും നേതൃത്വത്തിൽനിന്നാണ് അദ്ദേഹം ഇപ്പോൾ ഔദ്യോഗികമായി സ്ഥാനമൊഴിയുന്നത്. ടിം കുക്കിനെപ്പോലെതന്നെ അദ്ദേഹവും കമ്പനി വിട്ടുപോകുന്നില്ല, പകരം മറ്റ് ചില ചുമതലകളുമായി കമ്പനിയിൽത്തന്നെ തുടരും.
രണ്ടു ഘട്ടങ്ങളിലായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ആപ്പിളിലുണ്ട് ഫിൽ ഷില്ലർ. ആദ്യം 1987 മുതൽ 1993 വരെയും പിന്നീട് 1997 മുതൽ ഇന്നുവരെയും അദ്ദേഹം കമ്പനിയുടെ നിർണായക ഭാഗമാണ്. സ്റ്റീവ് ജോബ്സിനൊപ്പം ഏറ്റവും അടുത്ത് പ്രവർത്തിച്ചിരുന്ന ഷില്ലർ, ആപ്പിളിലെ അറിയപ്പെടുന്ന ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു. ആപ്പിളിൻ്റെ ചരിത്രത്തിലെ വിപ്ലവകരമായ ഉൽപന്നങ്ങളായ ഐഫോൺ, ഐപാഡ്, ഐപോഡ്, വിവിധ മാക് മോഡലുകൾ എന്നിവയുടെ രൂപകൽപനയിലും വികസനത്തിലും അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം അതിനിർണായക പങ്കുവഹിച്ചു. ആപ്പിളിൻ്റെ ഉൽപന്നങ്ങൾ ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഷില്ലറുടെ സവിശേഷമായ മാർക്കറ്റിങ് തന്ത്രങ്ങൾ ലോകപ്രശസ്തമാണ്.
സ്റ്റീവ് ജോബ്സിനൊപ്പം ആപ്പിളിൻ്റെ ആപ്പ് സ്റ്റോർ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയതും ഫിൽ ഷില്ലറാണ്. ആപ്പ് സ്റ്റോറിൻ്റെ സുപ്രധാന നയമാറ്റങ്ങളും നിയമനടപടികളുമെല്ലാം ഇതുവരെ കൈകാര്യം ചെയ്തിരുന്നത് ഷില്ലറിൻ്റെ നേരിട്ടുള്ള നേതൃത്വത്തിലാണ്. പ്രശസ്തമായ ഫോർട്ട്നൈറ്റ് ഗെയിമിൻ്റെ നിർമാതാക്കളായ എപ്പിക് ഗെയിംസുമായി ആപ്പിൾ ഏറെക്കാലം നീണ്ടുനിന്ന നിയമപോരാട്ടം നടത്തിയത് അതിനൊരു ഉദാഹരണമാണ്. ആപ്പ് സ്റ്റോറിലെ ഡെവലപ്പർമാരിൽ നിന്ന് ഈടാക്കുന്ന ഉയർന്ന കമീഷൻ നിരക്കുകൾക്കെതിരെയായിരുന്നു എപ്പിക് ഗെയിംസ് ആപ്പിളിനെതിരെ പ്രധാനമായും നിയമപോരാട്ടം നടത്തിയത്.
ഷില്ലർ സ്ഥാനമൊഴിയുന്നതോടെ എഡ്ഡി ക്യൂ നേതൃത്വം നൽകുന്ന സർവീസസ് ഡിവിഷനായിരിക്കും ഇനി മുതൽ ആപ്പ് സ്റ്റോറിൻ്റെ ചുമതല വഹിക്കുക. 2015-ൽ ഷില്ലർ ആപ്പ് സ്റ്റോറിൻ്റെ മേൽനോട്ടം ഏറ്റെടുക്കുന്നതിനുമുൻപ് എഡ്ഡി ക്യൂ ആയിരുന്നു ആപ്പിൾ സ്റ്റോറിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത്.
ആപ്പ് സ്റ്റോറിനു പുറമെ സുപ്രധാന ഉൽപന്നങ്ങൾ പുറത്തിറക്കുന്ന ലോഞ്ച് ഇവൻ്റുകൾ ഉൾപ്പെടെ ആഗോളതലത്തിൽ കമ്പനിയുടെ പരിപാടികൾ സംഘടിപ്പിക്കുന്ന ഇവൻ്റ്സ് ടീമിനും മേൽനോട്ടം വഹിച്ചത് ഷില്ലറായിരുന്നു. ഈ ചുമതല 2023 മുതൽ ഷില്ലറിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിക്കുന്ന നോള വെയിൻസ്റ്റീന് കൈമാറും. പുതിയ ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിക്കുന്ന ആപ്പിളിൻ്റെ അടുത്ത ആഗോള പരിപാടി 2026 സെപ്റ്റംബർ ഒൻപതിന് നടക്കാനിരിക്കെയാണ് ഈ സുപ്രധാന മാറ്റം. പുതിയ മേധാവി ജോൺ ടെർനസിനു കീഴിലുള്ള ആദ്യ അവതരണ പരിപാടി കൂടിയായിരിക്കും ഇത്.
2020-ൽ കമ്പനിയുടെ ഗ്ലോബൽ മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ ഫിൽ ഷില്ലർ ‘ആപ്പിൾ ഫെലോ’ എന്ന പദവിയിലേക്ക് മാറിയിരുന്നു. അതിനുശേഷവും ആപ്പ് സ്റ്റോറിൻ്റെയും ആപ്പിൾ ഇവൻ്റ്സിൻ്റെയും ചുമതല അദ്ദേഹം തുടരുകയായിരുന്നു. ആപ്പിളിനായി കരിയറിൽ വലിയ സംഭാവനകൾ നൽകിയ അപൂർവം വ്യക്തികൾക്ക് മാത്രം നൽകുന്ന പരമോന്നത ബഹുമതിയാണ് ആപ്പിൾ ഫെലോ. ഈ രണ്ടു പ്രധാന ചുമതലകളിൽനിന്നും ഇപ്പോൾ അദ്ദേഹം ഒഴിയുന്നത് വൈകാതെ തന്നെ പൂർണമായി വിരമിക്കാനൊരുങ്ങുന്നതിൻ്റെ സൂചനയാണെന്നും ബിസിനസ് ലോകം വിലയിരുത്തുന്നു. അതുവരെ ആപ്പിൾ ഫെലോ എന്ന പദവിയിൽ അദ്ദേഹം കമ്പനിയിൽ തുടരും.

Be the first to comment