ബോർഡിങ് പാസിൽ സീൽ പതിപ്പിക്കില്ല; സെപ്റ്റംബർ 1 മുതൽ ഇ-ബോർഡിങ് പാസ് മതിയെന്ന് ഇന്ത്യൻ ഇമിഗ്രേഷൻ ബ്യൂറോ

ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട. 2026 സെപ്റ്റംബർ 1 മുതൽ വിദേശ യാത്ര ചെയ്യുന്നവർക്ക് ഫിസിക്കൽ ബോർഡിങ് പാസ് നിർബന്ധമല്ലെന്ന് ഇമിഗ്രേഷൻ ബ്യൂറോ അറിയിച്ചു. യാത്രക്കാർക്ക് സ്മാർട്ട്ഫോണിലെ ഇ-ബോർഡിങ് പാസ് കാണിച്ച് ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കാം. ഫിസിക്കൽ ബോർഡിങ് പാസുകൾ ഉപയോഗിക്കാമെങ്കിലും അവയിൽ ഇനി ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കില്ല.

പഴയ രീതിയെ കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. സ്റ്റാമ്പിങ്ങിലെ തെറ്റുകളും ബോർഡിങ് പാസ് പരിശോധനാ ഘട്ടത്തിൽ അക്ഷരങ്ങൾ വായിക്കാൻ പറ്റാത്തതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. 

ഈ സാഹചര്യത്തിലാണ് പുതിയ മാറ്റം കൊണ്ടുവന്നിട്ടുള്ളതെന്നാണ് വിശദീകരണം. സുരക്ഷാ പരിശോധനയുടെ ഭാഗമായി സിഐഎസ്എഫ് വിഭാഗവും ബോർഡിങ് പാസുകൾ സീൽ ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഈ രീതി നേരത്തെ തന്നെ അവസാനിപ്പിച്ചതാണ്.

ബോർഡിങ് പാസിന് പുറമെ പാസ്പോർട്ടിൽ സീൽ ചെയ്യുന്ന രീതിയും അവസാനിപ്പിക്കാനുള്ള പദ്ധതി ഒരുങ്ങുന്നുണ്ട്. വിമാനത്താവളങ്ങളിലെ എൻട്രി, എക്സിറ്റ് സീലുകൾ ഒഴിവാക്കാനാണ് തീരുമാനം. ഇതിനുള്ള പൈലറ്റ് പ്രോജക്ട് ഇതിനകം തയാറായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിമാനത്താവളങ്ങളിലെ യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*