അമേരിക്കൻ ഉപരോധങ്ങളും കടുത്ത നാവിക ഉപരോധവും മൂലം ഇറാന്റെ സമ്പദ്‌വ്യവസ്ഥ വൻ തകർച്ച നേരിടുന്നു. രാജ്യത്തെ പണപ്പെരുപ്പം രൂക്ഷമായതോടെ ഇറാന്റെ കറൻസിയായ തോമൻ അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് പതിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ ജനങ്ങൾ വലയുമ്പോൾ രാജ്യത്ത് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും വീണ്ടും ശക്തമാവുകയാണ്.
വ്യാപാര മേഖലയിലും കമ്പോളത്തിലും ഉണ്ടായ ഈ വൻ ഇടിവ് കാരണം സാധാരണക്കാരായ മനുഷ്യരുടെ ദൈനംദിന ജീവിതം വലിയ പ്രതിസന്ധിയിലായി. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇറാന്റെ വാർഷിക പണപ്പെരുപ്പം 61.4 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 128.1 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തങ്ങൾ കടുത്ത സാമ്പത്തിക, സൈനിക, സുരക്ഷാ യുദ്ധത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സമ്മതിച്ചു. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര വഴികളും തേടുന്നുണ്ടെന്ന് അദ്ദേഹം തത്സമയ സന്ദേശത്തിലൂടെ അറിയിച്ചു. എങ്കിലും യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
അമേരിക്കൻ നാവികസേന ഇറാനിയൻ തുറമുഖങ്ങളിൽ പരോധം ഏർപ്പെടുത്തിയതോടെ വിദേശ കപ്പലുകളുടെ ഗതാഗതം വൻതോതിൽ തടസ്സപ്പെട്ടു. ഇത് ഇറാന്റെ പ്രധാന വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതിയെ നേരിട്ട് ബാധിക്കുകയും വിദേശ നാണയ ശേഖരം കുറയ്ക്കുകയും ചെയ്തു. ചൈന, യുഎഇ തുടങ്ങിയ പ്രധാന പങ്കാളിത്ത രാജ്യങ്ങളുമായുള്ള വ്യാപാരം പകുതിയോളമായി കുറഞ്ഞതും തിരിച്ചടിയായി.
വിപണിയിൽ ഇറാനിയൻ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന ഔഷധങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വ്യവസായ അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വില ഇരട്ടിയായി. സാധാരണക്കാർക്ക് അത്യാവശ്യ സാധനങ്ങൾ പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. ചെറുകിട ബിസിനസ് സ്ഥാപനങ്ങളും കടകളും നിശ്ചിത സമയങ്ങളിൽ അടച്ചിടാൻ വ്യാപാരികൾ നിർബന്ധിതരാകുന്നു.
പശ്ചാത്തലത്തിൽ ഇന്ധനക്ഷാമവും രാജ്യത്തെ പല പ്രവിശ്യകളെയും ബാധിച്ചിട്ടുണ്ട്. വ്യാപാരികളും സാധാരണക്കാരായ ജനങ്ങളും തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ്. സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ ഇറാനിലെ പ്രധാന നഗരങ്ങളിൽ റാലികളും പണിമുടക്കുകളും ആരംഭിച്ചിട്ടുണ്ട്.
അനാവശ്യമായി പ്രക്ഷോഭങ്ങളിൽ ഏർപ്പെടുകയും രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇറാൻ പരമോന്നത നീതിന്യായ വിഭാഗം മുന്നറിയിപ്പ് നൽകി. അനാവശ്യമായ കലാപങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നിൽ ശത്രുരാജ്യങ്ങളുടെ പങ്കുണ്ടെന്ന് ഭരണകൂടം ആരോപിക്കുന്നു. എന്നാൽ അടിയന്തര ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കാതെ ജനങ്ങൾ പ്രതിഷേധത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ്.
പശ്ചിമേഷ്യൻ മേഖലയിൽ സൈനിക തർക്കങ്ങളും നയതന്ത്ര പ്രതിസന്ധികളും നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ഭാവി കൂടുതൽ ചോദ്യചിഹ്നമായി മാറുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പണപ്പെരുപ്പം ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ വാങ്ങൽ ശേഷി പൂർണ്ണമായും നശിച്ചതോടെ അന്താരാഷ്ട്ര സഹായം എത്തിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Be the first to comment