ഡോക്ടർമാരെ ആക്രമിക്കുന്ന രാഷ്ട്രീയക്കാരെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കണമെന്ന് സർക്കാരിന് കർശന നിർദേശം നൽകി സുപ്രീംകോടതി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു ആരോഗ്യ കേന്ദ്രത്തിൽ ശിവസേന പ്രവർത്തകർ ഡോക്ടറെ മർദിച്ചിരുന്നു. ഈ സംഭവത്തെ തുടർന്നാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം ഉണ്ടായിരിക്കുന്നത്.
ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയക്കാരെ പുറത്ത് സ്വതന്ത്രരായി നടക്കാൻ അനുവദിക്കരുതെന്നും ഇവർക്ക് തക്കതായ ശിക്ഷ നൽകാനും നിയമനടപടി സ്വീകരിക്കാനും സർക്കാർ മുൻകൈയെടുക്കണമെന്നും കോടതി വ്യക്തമാക്കി.
വിഷയത്തിൽ 17 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമികൾ ആശുപത്രിയിൽ കയറി റിസപ്ഷനിസ്റ്റിനെ തള്ളുകയും തടയാൻ വന്ന നഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇവർ ആശുപത്രിക്കുള്ളിലേക്ക് കയറി ഡോക്ടറെയും മർദിക്കുകയായിരുന്നു. ഇതിനുപുറമെ തീവ്രപരിചരണ വിഭാഗമായ ഐസിയുവിലേക്ക് ഈ സംഘം ഇരച്ചുകയറുകയും ചെയ്തു.
ഡോക്ടർമാർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ രാജ്യത്ത് വർധിച്ചുവരികയാണെന്നും ഇതിൽ അടിയന്തര ഇടപെടൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സുപ്രീംകോടതി അറിയിച്ചു. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകതയാണ് കോടതിയുടെ നിരീക്ഷണത്തിലൂടെ വീണ്ടും ചർച്ചയാകുന്നത്.

Be the first to comment