വണ്ണം കുറയ്ക്കണമെങ്കിൽ മണിക്കൂറുകളോളം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യണമെന്നോ, ലക്ഷങ്ങൾ ചെലവാക്കി ന്യൂട്രീഷ്യനിസ്റ്റിന്റെ സഹായം തേടണമെന്നോ വിചാരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഡൽഹി സ്വദേശിയായ 52-കാരൻ നീരജ് ഝായുടെ ജീവിതകഥ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. യാതൊരുവിധ സപ്ലിമെന്റുകളോ, കഠിനമായ ജിം വർക്ക്ഔട്ടുകളോ, ശസ്ത്രക്രിയയോ ഇല്ലാതെ ഒരൊറ്റ ശീലമാറ്റത്തിലൂടെ 65 കിലോ ശരീരഭാരമാണ് നീരജ് കുറച്ചത്.
ഒരു കാലത്ത് 144 കിലോ ഭാരമുണ്ടായിരുന്ന നീരജിന്റെ ഭാരം ഇന്ന് 79 കിലോ മാത്രമാണ്. രണ്ട് വർഷം കൊണ്ട് അദ്ദേഹം കൈവരിച്ച ഈ നേട്ടം തികച്ചും ലളിതമായ ഒരു ശീലമാറ്റത്തിൽ നിന്നായിരുന്നു.
അമിതഭാരവും മാനസിക സമ്മർദവും
കമ്പനി ഉടമയും ടെക്കിയുമായ നീരജിന്റെ ജീവിതം വലിയ തൊഴിൽ സമ്മർദങ്ങൾ നിറഞ്ഞതായിരുന്നു. ഇതോടെ കൃത്യമായ ഭക്ഷണക്രമം തെറ്റി, അമിതമായി ജങ്ക് ഫുഡുകൾ കഴിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായി. ജോലിയിലെ തിരക്കുകൾക്കിടയിൽ ആരോഗ്യം പാടെ മറന്നു. 144 കിലോയിൽ എത്തിനിൽക്കുമ്പോൾ സാധാരണ ജീവിതം പോലും അദ്ദേഹത്തിന് പ്രയാസകരമായി മാറി. ചെറിയ ദൂരം നടക്കുമ്പോൾത്തന്നെ കടുത്ത ശ്വാസംമുട്ടൽ, അമിത ക്ഷീണം, ഉറക്കമില്ലായ്മ എന്നിവ അദ്ദേഹത്തെ വേട്ടയാടി. പലതവണ വണ്ണം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും തുടക്കത്തിൽ ഉണ്ടാകുന്ന അസുഖങ്ങളും പരുക്കുകളും കാരണം വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഒടുവിൽ കണ്ണാടിയിൽ നോക്കാൻ പോലും മടിച്ച്, ജീവിതത്തിൽ ഒരു മാറ്റവും സാധ്യമല്ലെന്ന നിരാശയിലേയ്ക്ക് അദ്ദേഹം കൂപ്പുകുത്തി.
വഴിത്തിരിവായ ഐസിയു വാസം
2023 ജൂണിൽ നീരജിന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം നടന്നു. കഠിനമായ ശ്വാസകോശ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സ്വാഭാവികമായി ശ്വാസമെടുക്കാൻ കഴിയാതെ വന്നതോടെ ഡോക്ടർമാർ അദ്ദേഹത്തെ ബൈപാപ് മെഷീന്റെ സഹായത്തോടെയാണ് ഉറക്കിയത്. “വർഷങ്ങൾക്ക് ശേഷം ഞാൻ അന്നാണ് സുഖമായി ഉറങ്ങിയത്. അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്, വർഷങ്ങളായി ഞാൻ വെറുമൊരു ക്ഷീണമല്ല അനുഭവിച്ചിരുന്നത്, മറിച്ച് എന്റെ ശരീരം ശ്വാസം മുട്ടുകയായിരുന്നു,” നീരജ് ഓർക്കുന്നു. ആ തിരിച്ചറിവാണ് അദ്ദേഹത്തെ വീണ്ടും ഒരു ശ്രമത്തിന് പ്രേരിപ്പിച്ചത്.
8 മിനിറ്റ് നടപ്പിൽ തുടങ്ങിയ മാറ്റം
തീവ്രമായ തുടക്കങ്ങൾ വേഗത്തിൽ അവസാനിപ്പിക്കേണ്ടി വരും എന്ന തിരിച്ചറിവിൽ നീരജ് ലളിതമായ വഴികൾ തിരഞ്ഞെടുത്തു. തുടക്കത്തിൽ 10 മിനിറ്റ് പോലും നടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വെറും 8 മിനിറ്റ് മാത്രമാണ് അദ്ദേഹം നടന്നത്. എത്ര ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും ദിവസവും ആ 8 മിനിറ്റ് നടക്കാൻ അദ്ദേഹം തീരുമാനിച്ചു. പതുക്കെ ഈ 8 മിനിറ്റ് 10 മിനിറ്റായും, പിന്നീട് 15 മിനിറ്റായും ഒടുവിൽ ഒരു മണിക്കൂറായും മാറി. വലിയ ലക്ഷ്യങ്ങൾ വയ്ക്കാതെ, കാലറി ഡെഫിസിറ്റ് എന്ന ലളിതമായ തത്വമാണ് അദ്ദേഹം പിന്തുടർന്നത്.
120 കിലോയിലെ തടസവും ഡയറ്റ് മാറ്റവും
ശരീരഭാരം 120 കിലോയിൽ എത്തിയപ്പോൾ ഏകദേശം 5 മാസത്തോളം ഭാരത്തിൽ മാറ്റമൊന്നുമുണ്ടായില്ല. എന്നാൽ അദ്ദേഹം നിരാശനാകാതെ ഭക്ഷണരീതിയിൽ ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തി. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുത്തനെ കുറച്ചു. ദിവസവും കഴിച്ചിരുന്ന റൊട്ടിയുടെ അളവ് രണ്ടെണ്ണമായി ചുരുക്കി. മുട്ട, ചിക്കൻ, മീൻ, പനീർ, ഗ്രീക്ക് യോഗർട്ട്, ധാരാളം പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. പഞ്ചസാര, ബേക്കറി പലഹാരങ്ങൾ, ബ്രെഡ്, ബിസ്ക്കറ്റ് എന്നിവ പൂർണമായി ഉപേക്ഷിച്ചു. 18 മാസത്തേക്ക് മദ്യം തൊട്ടുപോലുമില്ല. ദിവസവും ഒരു മണിക്കൂർ നടത്തത്തിനൊപ്പം ആഴ്ചയിൽ 3 ദിവസം 20-25 മിനിറ്റ് ലളിതമായ സ്ട്രെങ്ത് ട്രെയിനിങ്ങും ആരംഭിച്ചു.
ആരോഗ്യ വിദഗ്ധർ പറയുന്നത്
നീരജിന്റെ ഈ രീതിയെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം മേധാവി പ്രാചി ജെയിൻ അഭിനന്ദിക്കുന്നു. ശാസ്ത്രീയമായി അമിതഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യം പെട്ടെന്നുള്ള കഠിനമായ മാർഗങ്ങളല്ല, മറിച്ച് സാവധാനത്തിലുള്ള ജീവിതശൈലി മാറ്റങ്ങളാണെന്ന് അവർ വ്യക്തമാക്കുന്നു. തുടക്കക്കാർ വലിയ വ്യായാമങ്ങളിലേക്ക് കടക്കാതെ നടപ്പ് പോലെയുള്ള ലളിതമായ കാര്യങ്ങളിൽ തുടങ്ങി സ്ഥിരത പുലർത്തുന്നതാണ് സന്ധികൾക്കും ഹൃദയാരോഗ്യത്തിനും നല്ലതെന്ന് അവർ ഓർമിപ്പിച്ചു.
നീരജിന് നൽകാനുള്ള ഉപദേശം
ശരീരഭാരം 79 കിലോയിൽ എത്തിനിൽക്കുമ്പോൾ നീരജ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരോട് പറയുന്നത് ഇതാണ്: “പെട്ടെന്ന് വലിയൊരു മാറ്റം ലക്ഷ്യമിടരുത്. അത് നിങ്ങളെ ഭയപ്പെടുത്തിയേക്കാം. പകരം ദിവസവും കൃത്യതയും സ്ഥിരതയും പുലർത്താൻ ശ്രമിക്കുക. ഇന്ന് മുതൽ ചെറിയ രീതിയിൽ തുടങ്ങുക, വെറും 8 മിനിറ്റ് നടക്കുക അല്ലെങ്കിൽ ഒരു ഗ്ലാസ് വെള്ളം അധികമായി കുടിക്കുക. നിങ്ങളെത്തന്നെ ഉപേക്ഷിക്കാതിരുന്നാൽ മതി, മാറ്റം താനേ ഉണ്ടാകും.” ശരീര ഭാരം കുറച്ച അനുഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് അനേകർക്ക് വഴികാട്ടിയാകാൻ ‘3E Fitness’ എന്ന വെൽനസ് പ്ലാറ്റ്ഫോമിനും നീരജ് തുടക്കം കുറിച്ചിട്ടുണ്ട്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Be the first to comment