കൊച്ചി: ചേരാനല്ലൂര്‍ അപകടത്തില്‍ പ്രതിഷേധവുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് ജയബാലകൃഷ്ണന്റെ മക്കള്‍ ഉപരോധം ഇരിക്കുന്നത്. അപകടത്തിന് കാരണക്കാരനായ 17കാരന് ജാമ്യം അനുവദിച്ചതിലും പിതാവായ ജില്ലാ ജഡ്ജിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുമാണ് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. അച്ഛന്‍റെ മൃതശരീരം വിട്ട് കിട്ടും മുമ്പാണ് വണ്ടിയിടിച്ചുകൊന്നവന് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതെന്ന് മക്കള്‍ രൂക്ഷമായി പറഞ്ഞു. തങ്ങളുടെ അച്ഛന്‍ തട്ടുകടക്കാരന്‍ ആയതുകൊണ്ടല്ലേ. അവന്‍ ജഡ്ജിയുടെ മകനല്ലേ. രണ്ട് ഇവിടെ രണ്ട് നിയമം ആണോ. ഇത്രയും സമയം വന്നിരുന്നിട്ടും ഒരക്ഷരം പൊലീസുകാര്‍ പ്രതികരിച്ചിട്ടില്ലെന്നും മക്കള്‍ പറയുന്നു.
‘ഞങ്ങള്‍ ഇത്രസമയം ഇരുന്നിട്ടും ഏമാന്മാര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാനും എന്റെ അച്ഛനും ഒരുനാള്‍ ഇവിടെ പരാതി കൊടുക്കാന്‍ വന്നപ്പോള്‍ ഇവര്‍ പെരുമാറിയതിന്റെ വീഡിയോ ഇപ്പോഴും എന്റെ കയ്യിലുണ്ട്. അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്. ഇവരോട് എന്റെ അച്ഛനെ കൊന്നവരെ എന്തിന് വിട്ടുവെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് മറുപടിയില്ല. എന്റെ അച്ഛന്റെ ചിതപോലും കത്തി തീര്‍ന്നിട്ടില്ല. എന്നിട്ടാ്ണ് ഇവിടെ വന്ന് സംസാരിക്കുന്നത്. അവര്‍ക്ക് മനുഷ്യത്വം ഇല്ല. നീതിക്കായി ഏതറ്റം വരെയും പോകും. കാരണം ഞങ്ങള്‍ക്ക് ഒറ്റ തന്തയേ ഉള്ളൂ. അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്’, മക്കള്‍ പറഞ്ഞു.
രാവിലെ നാല് മണിക്ക് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോയി നിന്നിട്ട് അച്ഛന്റെ ബോഡി കിട്ടിയത് വൈകുന്നേരം മൂന്ന് മണിക്കാണ്. അതിന് നൂറ് നടപടിക്രമങ്ങളായിരുന്നു. എന്നാല്‍ ഒരാളെ കൊന്നവന്‍ സുഖായിട്ടാണ് ഇവിടുന്ന് ഇറങ്ങിപ്പോയത്. അത് ചോദിച്ചപ്പോള്‍ ഉത്തരമില്ലെന്നും മക്കള്‍ ആരോപിച്ചു. മൈനര്‍ ആയിട്ടുള്ളവര്‍ക്ക് എന്തും ചെയ്യാമോയെന്നും അതിനെ നോര്‍മലൈസ് ചെയ്യുകയാണോയെന്നും മക്കള്‍ ചോദിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാതെ ഇവിടെ നിന്നും പോകില്ല. താനും പെങ്ങളും ഇവിടെയിരിക്കും. ദോശക്കടക്കാരന് ചോദിക്കാന്‍ ആളില്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെയെന്നും മക്കള്‍ ചോദിക്കുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകൻ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. 17കാരനെതിരെ നരഹത്യവകുപ്പ് ചുമത്തിയിരുന്നു.

Be the first to comment