പാലക്കാട്: മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ വീട്ടില്‍ എത്തി സന്ദര്‍ശിച്ച വിവാദത്തില്‍ പി വി അന്‍വര്‍ പ്രതികരിക്കണമെന്ന് സിപിഐഎം നേതാവ് പി സരിന്‍. ഒരു കാലത്ത് ഷാജന്‍ സ്‌കറിയ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നിന്ന ആളാണ് പി വി അന്‍വര്‍. അന്നത്തെ ‘ഷാജന്‍ വിരുദ്ധ പോരാട്ടത്തില്‍’ ഒരു തരിമ്പെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍, ഇന്നും അതില്‍ മാറ്റമില്ലെങ്കില്‍, പി വി അന്‍വര്‍ നിലവിലെ വിവാദ വിഷയത്തില്‍ പ്രതികരിക്കണം. ഷാജന്‍ സ്‌കറിയയെ അകറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കണം. മാധ്യമങ്ങളില്‍ വന്ന് നിന്ന് മുന്‍പത്തെ പോലെ ബൈറ്റ് കൊടുക്കണമെന്നും സരിന്‍ പറഞ്ഞു.
വലിയൊരു വിഭാഗം ജനങ്ങളുടെ ‘ഷാജന്‍ വിരോധ’ത്തിന്റെ നടുക്കണ്ടം തിന്ന് വളര്‍ന്ന ആളാണ് പി വി അന്‍വര്‍. അതിന്റെ പേരില്‍ കയ്യടി നേടിയ ആളാണ്. ഷാജനെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ചു എന്ന ആരോപണം ഉയര്‍ത്തിയാണ് പി വി അന്‍വര്‍ എഡിജിപി അജിത് കുമാറിനെതിരെയും, പി ശശിക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചത്. പിന്നീട് അത് മുഖ്യമന്ത്രിയോടും, സിപിഐഎം എന്ന പാര്‍ട്ടിയോടുമായി വളര്‍ന്നു. ഈ വാദം ഉയര്‍ത്തിയാണ് ഇടതുമുന്നണിയില്‍ നിന്ന് അന്‍വര്‍ പുറത്തേക്ക് പോകുന്നത്. നിലമ്പൂര്‍-ബേപ്പൂര്‍ ഇലക്ഷന്‍ കാലത്തും ഇതായിരുന്നു അന്‍വറിന്റെ പ്രധാന പ്രചാരണ ആയുധം. ഇന്ന്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കാണണമെങ്കില്‍ പി വി അന്‍വര്‍ മുന്‍കൂട്ടി കാലില്‍ പിടിച്ച് അനുമതി വാങ്ങണം. എങ്ങനേലും അവിടെ എത്തിയാല്‍ തന്നെ കാത്തുകെട്ടി വരാന്തയില്‍ ഇരിക്കേണ്ടി വരുമെന്നും സരിന്‍ പരിഹസിച്ചു.
രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ചെറുവയല്‍ രാമന്റെ മരണാനന്തര ചടങ്ങുകളില്‍ പോലും പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും, സാമൂഹിക വിപത്തായ ഒരാള്‍ക്ക് നല്‍കിയ അംഗീകാരം കേരള ജനത അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. രാഹുല്‍ ഗാന്ധിക്കെതിരെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്ത തെമ്മാടിത്തരം വിളിച്ചു പറഞ്ഞതിന് നല്‍കിയ അംഗീകാരമാണോ ഇതെന്ന് പോലും ചര്‍ച്ച നടക്കുന്നുണ്ട്. അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഏറ്റവും പ്രിയപ്പെട്ടവര്‍’ എന്ന നിലയില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയ നയപരമായ ഇടപെടലായി തന്നെയേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. സന്ദര്‍ശകരില്‍ ഒരാള്‍ പോലും പശ്ചാത്തപിക്കും എന്ന് കരുതുന്നുമില്ല. കാരണം അത്രമാത്രം കപടത ഉള്ളില്‍ ചുമന്ന് നടക്കുന്നവരാണ് അവിടെ കയറിച്ചെന്ന ഓരോരുത്തരുമെന്നും സരിന്‍ കുറ്റപ്പെടുത്തി.
വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ മുഖ്യമന്ത്രിയും മന്ത്രിമാരും വീട്ടിലെത്തി സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഷാജന്‍ സ്‌കറിയയുടെ പിതാവ് മരിച്ചപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി വി ഡി സതീശന് പുറമേ മന്ത്രിമാരായ സി പി ജോണ്‍, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരായിരുന്നു വീട് സന്ദര്‍ശിച്ചത്. ഇതേ സമയത്ത് തന്നെയായിരുന്നു രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ചെറുവയല്‍ രാമനും മരിച്ചത്. എന്നാല്‍ ചെറുവയല്‍ രാമന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനോ, വീട് സന്ദര്‍ശിക്കാനോ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറായില്ല. ഇതും വ്യാപക വിമര്‍ശനത്തിനിടയാക്കി. ഷാജന്‍ സ്‌കറിയ വിഷയത്തില്‍ മുസ്‌ലിം ലീഗില്‍ കടുത്ത അതൃപ്തി പുകയുകയാണ്. മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ ‘വിദ്വേഷം ചീറ്റുന്ന മറുനാടന്‍ മലയാളി’ എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഷാജന്‍ സ്‌കറിയയെ മുഖ്യമന്ത്രിയും മന്ത്രിമാരും വീട്ടിലെത്തി സന്ദര്‍ശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി കെ ഷറഫുദ്ദീനും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

Be the first to comment