ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആപ്പിളിൻ്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ഔദ്യോഗികമായി ചുമതലയേറ്റു. 15 വർഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്ച ജോൺ ടെർനസ് സ്ഥാനമേറ്റത്. ആപ്പിളിൻ്റെ ഹാർഡ്‌വെയർ എൻജിനീയറിങ് സീനിയർ വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
2011-ൽ സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ടിം കുക്ക് ആപ്പിൾ മേധാവിയായി സ്ഥാനമേറ്റത്. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ജോൺ ടെർനസ് ആപ്പിൾ സിലിക്കൺ ചിപ്പുകളിലേക്കുള്ള കമ്പനിയുടെ മാറ്റത്തിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.
തൻ്റെ സ്ഥാനപ്പേര് മാറുമെന്നും എന്നാൽ ആപ്പിൾ കമ്യൂണിറ്റിയോടുള്ള സ്നേഹം ഒരിക്കലും മാറില്ലെന്നും ചുമതലയൊഴിയുന്നതിന് മുൻപ് ടിം കുക്ക് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചിരുന്നു. സിഇഒ സ്ഥാനത്ത് നിന്ന് മാറിയാലും ടിം കുക്ക് കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയർമാനായി തുടർന്നും പ്രവർത്തിക്കും. 1998-ലാണ് ടിം കുക്ക് ആപ്പിൾ കമ്പനിയിൽ ആദ്യമായി ചേരുന്നത്. കമ്പനിയുടെ നിർണായക ഘട്ടങ്ങളിൽ പ്രവർത്തിച്ച വലിയ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.
2011-ൽ ആപ്പിളിൻ്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടർന്ന് മാറിനിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേൽക്കുന്നത്. സപ്ലൈ ചെയിൻ മാനേജ്‌മെൻ്റിലെ തൻ്റെ വൈദഗ്ധ്യത്തിലൂടെയാണ് ടിം കുക്ക് ആപ്പിളിനെ ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനിയാക്കി മാറ്റിയത്.
ആപ്പിൾ വാച്ച്, എയർപോഡ്‌സ്, ഹോം പോഡ്, വിഷൻ പ്രോ, എയർ ടാഗ് എന്നിവ ഉൾപ്പെടെയുള്ള ജനപ്രിയ ഉൽപന്നങ്ങൾ കമ്പനി അവതരിപ്പിച്ചത് ടിം കുക്കിൻ്റെ കാലത്താണ്. ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി പോലുള്ള സേവനങ്ങൾ വളർന്നതും ഇക്കാലത്ത് തന്നെ. ആപ്പിളിൻ്റെ ഉൽപന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4.5 ട്രില്യൺ ഡോളറായി ഉയർത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് പൂർണമായും ടിം കുക്കിനാണ്. സേവനങ്ങളിൽ നിന്നുള്ള വരുമാനം റെക്കോർഡുകളിലെത്തിച്ചത് ടിം കുക്കിൻ്റെ കൃത്യമായ ബിസിനസ് തന്ത്രങ്ങളായിരുന്നു.
2001-ലാണ് ജോൺ ടെർനസ് ആപ്പിളിൻ്റെ ഭാഗമാവുന്നത്. പ്രൊഡക്ട‌് ഡിസൈൻ വിഭാഗത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ജോലി. പിന്നീട് ഹാർഡ്‌വെയർ എൻജിനീയറിങ്ങിൽ സീനിയർ വൈസ് പ്രസിഡൻറായി ഉയർന്നു. തുടർന്നുള്ള രണ്ട് പതിറ്റാണ്ടുകളിൽ ഐഫോണുകൾ, ഐപാഡുകൾ, ആപ്പിൾ വാച്ച്, മാക് കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ വിവിധ ഉൽപന്നങ്ങളുടെ വികസനത്തിൽ അദ്ദേഹം മുൻനിരയിലുണ്ടായിരുന്നു.
ഇതോടെ ഈ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പുതിയ ആപ്പിൾ ലോഞ്ച് ഇവൻ്റിന് നേതൃത്വം വഹിക്കുക പുതിയ സിഇഒ ആയിരിക്കും. ഐഫോൺ 16 സീരീസ് ഉൾപ്പെടെയുള്ള പുതിയ ഉൽപന്നങ്ങൾ ജോൺ ടെർനസിൻ്റെ നേതൃത്വത്തിലാകും വിപണിയിലെത്തുക.

Be the first to comment