‘നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’; അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.

ഉപരോധങ്ങളും യുദ്ധവും മൂലമുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുക, വിപണികള്‍ കൈകാര്യം ചെയ്യുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് നിക്ഷേപം തിരിച്ചുവിടുക, ഡോളറിനെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറയ്ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക ദുരിതം പരിഹരിക്കാന്‍ സര്‍ക്കാരിനോട് പരമോന്നത നേതാവ് മുജ്തബ ഖമനയി ആവശ്യപ്പെട്ടിട്ടുണ്ട്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വില നിയന്ത്രണം, ചരക്കുകളുടെയും സേവനങ്ങളുടെയും വിപണി എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക – ജീവിതോപാധി സംബന്ധമായ വെല്ലുവിളികളുടെ പരമ്പരയെ ഗൗരവമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മുസ്ലീം രാജ്യങ്ങള്‍ അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. വന്‍ശക്തികളുടെ അമിതമായ ആവശ്യങ്ങള്‍ക്കെതിരെ മുസ്ലീം ലോകത്തിന് നിലകൊള്ളാന്‍ കഴിയണമെങ്കില്‍ ഈ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെക്കണമെന്ന് അരഗ്ചി വ്യക്തമാക്കി. സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ആഗോള മുസ്ലിം കുടുംബമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

അതിനിടെ, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനും ഫോണില്‍ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*