മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരേയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത്. ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടല്ല അക്രമികൾ മുംബൈയിൽ എത്തിയതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നടന് നേരേ വെടിയുതിർത്തവരെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച വൈകിട്ടാണ് നടൻ ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവിൽ ഫുട്ബോൾ കളിച്ച് കാറിൽ മടങ്ങുന്നതിനിടെ അക്രമികൾ നടന് നേരേ വെടിയുതിർക്കുകയായിരുന്നു. ഹരിയാണ സ്വദേശികളായ ഫൂൽ സിങ്(18) റഹാൻ(18) ബിഹാർ സ്വദേശി ഋത്വിക് എന്ന റോഷൻ(22) എന്നിവരാണ് ടൈഗർ ഷ്റോഫിന് നേരേ വെടിയുതിർത്തത്. മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം രാജസ്ഥാനിൽവെച്ച് പൊലീസ് പിടികൂടിയിരുന്നു.
അതേസമയം, അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവർ മുംബൈയിലെത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമായത്. ഈ ഉന്നതനെ വധിക്കാനായി ഇദ്ദേഹം പതിവായി സഞ്ചരിക്കുന്ന വഴിയിലടക്കം അക്രമികൾ എത്തിയിരുന്നു. എന്നാൽ, ഉന്നതനെ നേരിടുക എളുപ്പമല്ലെന്ന് അക്രമിസംഘത്തിന് ബോധ്യമായി. ഇതിനിടെയാണ് ടൈഗർ ഷ്റോഫിന്റെ ആരാധകർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലുകൾ അക്രമികൾ ശ്രദ്ധിച്ചത്. നടന് പൊലീസ് സംരക്ഷണമില്ലെന്ന് റീലുകളിൽനിന്ന് വ്യക്തമായതോടെയാണ് അക്രമികൾ ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് നീങ്ങിയതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Be the first to comment