സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമെന്ന പ്രചാരണം വ്യാജം: പാസ്‌പോർട്ടിലുള്ളത് തൃശൂർ സ്വദേശിയെന്ന് കുടുംബത്തിന്റെ വെളിപ്പെടുത്തൽ


കേരളത്തെ പതിറ്റാടുകളായി കുഴപ്പിച്ച പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുന്ന പാസ്‌പോർട്ട് വിവരങ്ങളും ചിത്രവും വ്യാജമാണെന്ന് തെളിഞ്ഞു. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുണ്ടെന്ന പേരിൽ പ്രചരിക്കുന്ന പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരിക്കടുത്ത് കരുമത്ര സ്വദേശിയായ ദാമോദര മേനോൻ എന്നയാളുടേതാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.

സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച പാസ്‌പോർട്ടിലെ ഫോട്ടോയും വിവരങ്ങളും തന്റെ സഹോദരനായ ദാമോദര മേനോന്റേതാണെന്ന് കരുമത്ര സ്വദേശിയായ കരുണാകരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. വർഷങ്ങൾക്ക് മുമ്പുള്ള ഈ പാസ്‌പോർട്ട് വിവരങ്ങൾ യാതൊരുവിധ പരിശോധനയുമില്ലാതെ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെടുകയായിരുന്നു.

സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്നും വിദേശത്ത് ഒളിവിലാണെന്നുമുള്ള തരത്തിലുള്ള പുതിയ വെളിപ്പെടുത്തലുകളും ചർച്ചകളും സജീവമാകുന്നതിനിടയിലാണ് ഈ പാസ്‌പോർട്ട് ചിത്രവും പുറത്തുവന്നത്. കുറുപ്പിന്റെ പുതിയ രൂപമെന്നോ പഴയ പാസ്‌പോർട്ടെന്നോ ഉള്ള തെറ്റായ ധാരണയിൽ ഈ ചിത്രം പിന്നീട് വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

യാതൊരു ബന്ധവുമില്ലാത്ത ഒരു കുറ്റകൃത്യത്തിന്റെ പേരിൽ വർഷങ്ങൾക്കുമുമ്പുള്ള തങ്ങളുടെ കുടുംബാംഗത്തിന്റെ ചിത്രം സുകുമാരക്കുറുപ്പിന്റേതെന്ന വ്യാജേന പ്രചരിക്കുന്നത് കുടുംബത്തിന് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് ബന്ധുക്കൾ വ്യക്തമാക്കി. സുകുമാരക്കുറുപ്പ് കേസ് സംബന്ധിച്ച് വിവിധ വിവരങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിനിടയിൽ പ്രചരിച്ച ഈ വ്യാജ പാസ്‌പോർട്ട് ചിത്രം വലിയ തോതിൽ തെറ്റിധാരണകൾക്ക് വഴിവെച്ചിരുന്നു. കുടുംബത്തിന്റെ ഔദ്യോഗിക പ്രതികരണം വന്നതോടുകൂടിയാണ് ഇപ്പോൾ ഇതിന് വിരാമമായിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*